തിരുവനന്തപുരം: ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിൻ്റെ പൊൻതിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂർ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്.
ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീൻ സർക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാർദ ടൂറിസം വില്ലേജിൽ നടപ്പാക്കി. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസിൽ നിന്നും കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ് ഐഎഎസ്, സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററുമായ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ ചേർന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.