തിരുവനന്തപുരം: മേഖലാ തല യോഗങ്ങളിലൂടെ സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ജില്ലകളിലെയും പ്രശ്നങ്ങൾ പരിശോധിക്കും. അകെ നാല് മേഖലാ യോഗങ്ങളാണ് ചേരുന്നത്. അടുത്ത 29-ന് തൃശ്ശൂർ ജില്ലയിലും 3 ന് എറണാകുളത്തും 5 ന് കോഴിക്കോടും യോഗങ്ങൾ ചേരും. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. യോഗങ്ങളിൽ മന്ത്രിസഭാ ഒന്നാകെ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിദാരിദ്യ നിർമാർജനം, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരളം മിഷനുകളുടെ പ്രവർത്തനം, ദേശീയ പാത നിർമാണം, മലയോര ഹൈവേ, തീരദേശപാത, പ്രധാന പൊതുമരാമത്ത് പദ്ധതികൾ, കോവളം-ബേക്കൽ ഉൾനാടൻ ജലഗതാഗതം, മാലിന്യമുക്ത കേരളം പദ്ധതികളുടെ പുരോഗതി എന്നിവ മേഖലാ യോഗത്തിൽ വിശകലനം ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികൾ പ്രത്യേകം ചർച്ച ചെയ്യും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികൾക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കും. പ്രശ്നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങൾ ചേരുന്നത്. 14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങൾ ജില്ലാതലത്തിൽത്തന്നെ പരിഹരിക്കും. മാലിന്യ നിർമാർജനത്തിന് അവബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ്. 2021 നവംബർ ഒന്നിനു മുൻപ് സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കും. 2024ൽ അതിദരിദ്ര നിർമാർജനം 93 ശതമാനം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് ഭഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കൂടുതൽ നടപടി സ്വീകരിക്കും.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മന്ത്രിസഭയാകെ പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ബഹുജന സദസ്സും പരിപാടിയുടെ ഭാഗമായി ഉണ്ടാവും. നവംബർ 18 മുതൽ ഡിസംബർ 14 വരെ പരിപാടി. മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. എം.എൽ.എമാരായിരിക്കും നേതൃത്വം വഹിക്കുക. സെപ്റ്റംബറിൽ തന്നെ സംഘാടക സമിതിയുണ്ടാക്കും. സംസ്ഥാന ചുമതല ചീഫ് സെക്രട്ടറിയും സംസ്ഥാനതല കോ-ഓർഡിനേറ്ററായി പാർലമെന്ററി കാര്യമന്ത്രിയുമായിരിക്കും. 41 വേദികളിലായി അരങ്ങേറും. 19 എക്സിബിഷനുകൾ ഉണ്ടാവും.