വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യകപ്പൽ ഒക്ടോബർ 15 ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. നേരത്തെ അഞ്ചിന് എത്തുമെന്നായിരുന്നു ധാരണ. പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റമെന്ന് മന്ത്രി പറഞ്ഞു. 2024 മെയ് മാസം പദ്ധതി പൂർത്തിയാക്കും. ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് മന്ത്രിയും സ്വീകരിക്കും.
ആഗസ്ത് 31 ന് തന്നെ കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടു. ഷാങ്ഹായ്, വിയറ്റ്നാം, സിംഗപ്പുർ എന്നിവിടങ്ങളിലെ കടലിലുണ്ടായ ടൈക്കൂൺ സാഹചര്യം മൂലം ശരാശരി 3,4 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. മുൻ തീരുമാനപ്രകാരം സെപ്തംബർ 20 ന് ഗുജറാത്തിലെ മുദ്ര പോർട്ടിൽ എത്തേണ്ടതായിരുന്നു. 15 ന് വൈകീട്ട് നാലിന് കപ്പൽ വിഴിഞ്ഞത്ത് എത്തും.