രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിൻ്റെ 2023ലെ ആരോഗ്യ മന്ഥൻ പുരസ്കാരം കേരളത്തിന്. സംസ്ഥാനത്തിൻ്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കാണ് (കാസ്പ്) ഏറ്റവും ഉയർന്ന പദ്ധതി വിനിയോഗത്തിനുള്ള പുരസ്കാരം ലഭിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് കേരളത്തിൻ്റെ ഈ നേട്ടം. എബിപിഎംജെഎവൈയുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിൻ്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഗുണഭോക്താക്കളായ കാഴ്ച പരിമിതർക്കു വേണ്ടി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് “മികവുറ്റ പ്രവർത്തനങ്ങൾ’ എന്ന വിഭാഗത്തിലും സംസ്ഥാനത്തിനാണ് അവാർഡ്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കാസ്പ് ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. 12.50 ലക്ഷം ഗുണഭോക്താക്കൾ ചികിത്സ തേടി. 2021 – 22ൽ 1400 കോടിയും 2022 – 23 ൽ 1630 കോടിയും വിനിയോഗിച്ചു. 42 ലക്ഷം കുടുംബങ്ങൾ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബത്തിന് വർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതി ചെലവിൻ്റെ 90 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
കാഴ്ചപരിമിതരായ പദ്ധതി ഗുണഭോക്താക്കൾക്കായി ഈ സർക്കാരിൻ്റെ കാലത്താണ് പ്രത്യേക സേവനങ്ങൾ സജ്ജമാക്കിയത്. ഇതിനായി അവരുടെ ചികിത്സാ കാർഡ് ബ്രയിൽ ലിപിയിൽ സജ്ജമാക്കി. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തിന് പ്രത്യേക പുരസ്കാരം കൂടി ലഭിച്ചത്. ആരോഗ്യ വകുപ്പിന് കീഴിൽ സംസ്ഥാന ഹെൽത്ത് ഏജൻസി മുഖേനയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും എംപാനൽ ചെയ്ത 613 ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.
സാമ്പത്തിക പരിമിതികൾക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് പുരസ്കാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.