സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ഇടതുപക്ഷ വനിതാ നേതാക്കൾക്കും വനിതാ മാധ്യമപ്രവർത്തകർക്കും നേരെ ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമ ആഹ്വാനവും നടത്തിയ കോൺഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന അബിനെ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. പാറശാല കോടങ്കര സ്വദേശി അബിൻ കോടങ്കരയെ പാലക്കാട് ശ്രീകൃഷ്ണപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ വനിതാ നേതാവിന്റെ വ്യാജനഗ്ന വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം ഡിസിപി നിതിൻരാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം സമാന കേസിൽ അബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള , കോൺഗ്രസിൻ്റെ സൈബർ മുഖം കൂടിയായ അബിൻ കോടങ്കര വാർഡ് പ്രസിഡന്റും കെഎസ്യു മണ്ഡലം വൈസ് പ്രസിഡന്റുമാണ്.
എ എ റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ, T21 മീഡിയ അവതാരകരായ പാർവതി ഗിരികുമാർ, സൗമ്യ സി എം, തിരുവനന്തപുരം സ്വദേശിനി സിന്ധു ജയകുമാർ എന്നിവർ പരാതി നൽകിയിരുന്നു. രണ്ടാഴ്ച മുമ്പാണ് കോട്ടയം കുഞ്ഞച്ചൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവുമായി പോസ്റ്റുകളിട്ടത്. പോലീസിൽ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാൾ അശ്ലീല പോസ്റ്റുകളിടുന്നത് തുടർന്നു.
ഉന്നത കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് അറസ്റ്റിലായ ഇയാളെ ജാമ്യത്തിൽ ഇറക്കിയത്. കോൺഗ്രസ് ഐടി സെൽ കൺവീനർ എസ് സരിൻ പരസ്യമായി അബിനെ ന്യായീകരിച്ച് രംഗത്തിറങ്ങി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മൃദുൽ ജോണിന്റെ ഓഫീസാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത്. കോൺഗ്രസ് നേതൃത്വമാണ് കേസ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച സംഭവം, എ കെ ജി സെന്ററിനെതിരായ ആക്രമണം തുടങ്ങിയ പ്രധാന കേസുകളിൽ കോൺഗ്രസുകാരായ പ്രതികൾക്കായി കോടതിയിലെത്തിയതും മൃദുൽ ജോണായിരുന്നു. പ്രതിക്ക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റുകൾ ഇടരുതെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു.