‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിൽ വ്യാജ ഫെയ്‌സ്‌ബുക്ക് പ്രൊഫൈലുണ്ടാക്കി ലൈംഗികാധിക്ഷേപം നടത്തി പിടിയിലായ അബിൻ കോടങ്കരയെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ രംഗത്ത്. അബിനെ ജാമ്യത്തിലിറക്കാൻ കോൺഗ്രസ് അഭിഭാഷക സംഘടനയെയാണ് ചുമതലപ്പെടുത്തിയത്. ഒരു മാസംമുമ്പ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിൽ അബിൻ തുടങ്ങിയ പേജിൽ നിറയെ സ്ത്രീവിരുദ്ധതയും ലൈംഗികാധിക്ഷേപവും നിറഞ്ഞ പോസ്റ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അബിൻ്റെ ഫെയ്‌സ്ബുക്ക് പേജിലും സമാന പോസ്റ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് അബിൻ പോലീസിൻ്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊതുപ്രവർത്തന രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തിയാണ് ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നൽകിയതെന്നും മൊഴി നൽകി.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ സരിൻ കോട്ടയം കുഞ്ഞച്ചനായി രംഗത്തിറങ്ങിയ അബിനെ പരസ്യമായി ന്യായീകരിച്ചു. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി അകത്തിടാം എന്ന് കേരള പോലീസ് കരുതേണ്ടെന്ന ഭീഷണിയും ഇയാൾ മുഴക്കിയിട്ടുണ്ട്. ” ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ അപമാനിച്ചെന്ന പരാതിയിൽ ഒരു കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ആ യുവാവിന് കോടതിയിൽ നിന്ന് നിരുപാധികം ജാമ്യം ലഭിച്ചിരിക്കുന്നു. പോലീസ് കെട്ടിച്ചമച്ച വ്യാജ കഥകൾ കോടതി പ്രഥമ ദൃഷ്ട്യാ തന്നെ തള്ളിക്കളഞ്ഞു എന്നാണ് വ്യക്തമാകുന്നത്. കേസിൽ നമുക്ക് വേണ്ടി ഹാജരായ അഡ്വ റഹ്മത്തുള്ള , അഡ്വ. കീർത്തന എസ് ജോസഫ് അഡ്വ സൂര്യ രഘുനാഥ് എന്നിവരോടുള്ള നന്ദിയും പാർട്ടി അറിയിക്കുന്നു. ” ഇങ്ങനെയാണ് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മൃദുൽ ജോണിൻ്റെ ഓഫീസാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത്. മൃദുൽ കൊച്ചിയിലായിരുന്നതിനാൽ ജൂനിയർ അഭിഭാഷകർ ഹാജരായി. കോൺഗ്രസ് നേതാക്കളുമായുള്ള അബിൻ്റെ ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അബിനും മൊഴി നൽകി. പോലീസ് കസ്റ്റഡിയിലെടുത്ത ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ താൻ ഒറ്റയ്‌ക്കാണ് പേജുണ്ടാക്കിയതെന്നും മറ്റാരുടെയും സഹായമുണ്ടായിരുന്നില്ലെന്നുമാണ് അബിൻ്റെ മൊഴി. കേസ് വഴി തെറ്റിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഫോൺവിളികളുടെ വിശദാംശങ്ങളും ഫോണിൻ്റെ ശാസ്ത്രീയ പരിശോധനാഫലവും ലഭ്യമാകുന്നതോടെ അബിനെ സഹായിച്ച നേതാക്കളാരെന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും.
കോൺഗ്രസ് അനുകൂല വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും ‘കോട്ടയം കുഞ്ഞച്ചൻ്റെ’ സ്ത്രീവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്‌മിൻമാരുടെ ഇടപെടലുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുകൾ ഷെയർ ചെയ്‌ത കോൺഗ്രസ് വാർഡ് പ്രസിഡന്റടക്കമുള്ളവരും കേസിൽ പ്രതികളാണ്.
അബിൻ കോടങ്കരയ്‌ക്കെതിരെ ശ്രീകൃഷ്ണപുരത്തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ തിരുവാഴിയോട് മേഖലാ കമ്മിറ്റി അംഗം പ്രജിത തിരുവാഴിയോട് നൽകിയ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരത്തെ കേസിലും ഇയാളുടെ അറസ്‌റ്റിന് നടപടി തുടങ്ങി.