ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടും രമേശ് ചെന്നിത്തലയെ ചതിച്ച് പ്രതിപക്ഷനേതാവായ വി ഡി സതീശനെ ഷാഫി പറമ്പിൽ തുണച്ചത് ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ മറച്ചുവെച്ചതായി കോൺഗ്രസ് വൃത്തങ്ങൾ. ആത്മകഥയായ ‘കാലം സാക്ഷിയിലെ ” “പാഴായ ഭൂരിപക്ഷ പിന്തുണ ” എന്ന അദ്ധ്യായത്തിലാണ് ചെന്നിത്തലയ്ക്കു പകരം സതീശൻ പ്രതിപക്ഷ നേതാവ് പദവി തട്ടിയെടുത്ത കാര്യം വിവരിക്കുന്നത്. 21 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിപക്ഷവും ചെന്നിത്തലയ്ക്കൊപ്പമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ വീഴ്ത്തി സതീശൻ പദവി തട്ടിയെടുക്കുകയായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി രേഖപ്പെടുത്തുനത്. ഇക്കാര്യം നൂറ് ശതമാനവും സത്യമാണെങ്കിലും ഉമ്മൻ ചാണ്ടി പക്ഷക്കാരനായ ഷാഫി പറമ്പിൽ അദ്ദേഹത്തെ ചതിച്ച് സതീശന് വേണ്ടി ചരടുവലിച്ചത് മറച്ചുവെച്ചു എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എ ഗ്രൂപ്പ് തഴുകി വളർത്തിയ ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടിയുടെ താൽപര്യം അട്ടിമറിച്ച് സതീശനുവേണ്ടി ചരടുവലികൾ നടത്തിയത് ഉമ്മൻ ചാണ്ടിയേയും എ ഗ്രൂപ്പ് കേന്ദ്രങ്ങളേയും ഞെട്ടിച്ചതാണ്. ‘പാഴായ ഭൂരിപക്ഷ പിൻതുണ’ എന്ന അദ്ധ്യായം പൂർണ്ണമാകണമെങ്കിൽ എ ഗ്രൂപ്പ് ഊട്ടി വളർത്തിയ ഷാഫി പറമ്പിലിൻ്റെ ചതിയുടെ കഥ കൂടി പറയണമായിരുന്നു എന്ന് ഇവർ പറയുന്നു. അത് കൂടി പറയാതെ ഉമ്മൻ ചാണ്ടിക് ആത്മകഥയിലെ ആ അദ്ധ്യായം ആത്മാർത്ഥമായി പൂർത്തിയാക്കാൻ കഴിയില്ല.
താനായി വളർത്തിക്കൊണ്ട് വന്ന ഷാഫിയുടെ രാഷ്ട്രീയ ഭാവിക്ക് ദോഷം വരരുത് എന്ന് കരുതിയാകണം ഈ നിലപാട് എടുത്തതെന്നും അവർ അഭിപ്രായപ്പെടുന്നു. അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് എന്ന നിലയിൽ ഷാഫി പറമ്പിലിനോട് തെരെഞ്ഞെടുപ്പിൽ യുവജനങ്ങളുടെ പിൻതുണക്കായി സോഷ്യൽ മീഡിയയെ പരമാവധി ഉപയോഗിക്കണമെന്ന നിർദ്ദേശവും,അതിന് വേണ്ടി വരുന്ന ഫണ്ടും അന്നത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൈമാറിയതായി ഈ കേന്ദ്രങ്ങൾ പറയുന്നുണ്ട്. വൈസ് പ്രസിഡൻ്റായിരുന്ന ശബരിനാഥനെ ഒപ്പം കൂട്ടാനും രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.
എന്നാലിത് ഭസ്മാസുരന് വരം കൊടുത്തത് പോലെ ആകും എന്ന് ചെന്നിത്തല സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാവില്ല.
തെരഞ്ഞെടുപ്പിന് മുൻപ് സോഷ്യൽ മീഡിയയിൽ കാര്യമായ യുവജനക്ഷേമം പറയാതിരുന്ന ഷാഫി പറമ്പിൽ തെരെഞ്ഞെടുപ്പിന് ശേഷം യുവാക്കളുടെ താൽപര്യം രമേശ് ചെന്നിത്തല മാറണമെന്നാണെന്ന സന്ദേശം പ്രചരിപ്പിച്ചു. വി ഡി സതീശന് വേണ്ടിയാണ് ഷാഫി ഈ ചതി ചെയ്തത് എന്നത് അന്ന് ഉമ്മൻ ചാണ്ടി സാറിനെ ഉൾപ്പടെ ഞെട്ടിക്കുകയും ചെയ്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒരുമിച്ച് സമവായത്തിലൂടെയാണ് ഷാഫി പറമ്പിലിനെ പ്രസിഡൻ്റായി തീരുമാനിച്ചത്.എന്നാൽ മറ്റ് സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് വഴിയായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് ഷാഫി പറമ്പിലിനെ മാറ്റണം എന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു.
ഈ വിവരം ചോർന്ന് കിട്ടിയ ഷാഫി പറമ്പിൽ രായ്ക്ക് രാമാനം കോട്ടയത്തെത്തി ഉമ്മൻ ചാണ്ടിയുടെയും എ ഗ്രൂപ്പിൻ്റെ മറ്റ് നേതാക്കളുടേയും മുന്നിൽ പൊട്ടിക്കരഞ്ഞ യഥാർത്ഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ട് ആത്മകഥയിലെ ‘പാഴായ ഭൂരിപക്ഷം’ എന്ന അദ്ധ്യായം .പൂർത്തിയാകില്ലെന്നാണ് ഇവർ പറയുന്നത്.
കൂടെ നിന്ന് തന്നെ വഞ്ചിച്ച ഷാഫി പറമ്പിലിൻ്റെ രാഷ്ട്രീയ ഭാവിക്ക് തൻ്റെ തുറന്ന് പറച്ചിൽ കൊണ്ട് ദോഷമുണ്ടാകരുതെന്ന് ഉമ്മൻ ചാണ്ടി കരുതിക്കാണുമെന്നും ഈ കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.