തിരുവനന്തപുരം: T21 മീഡിയ അവതാരകരായ പാർവതി ഗിരികുമാർ, സൗമ്യ സി എം എന്നിവർക്കെതിരെ ഹീനമായ സൈബർ ആക്രമണം നടത്തിയ കോൺഗ്രസ് നേതാവിനെ പിടികൂടി. പാറശാല കോടങ്കര സ്വദേശി അബിൻ കോടങ്കരയെ തിരുവനന്തപുരം ഡിസിപി നിതിൻരാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് ഇയാൾ വനിതകൾക്കു നേരെ ലൈംഗികാധിക്ഷേപം നടത്തിയത്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ഇടതുപക്ഷ വനിതാ നേതാക്കൾക്കും ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ മാധ്യമ പ്രവർത്തകർക്കും നേരെയാണ് ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിന് ആഹ്വാനവും നടത്തിയത്.
എ എ റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിൻ്റെ ഭാര്യ ഹർഷ, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാർ എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തോടെയാണ് T21 അവതാരകർക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. കോട്ടയം കുഞ്ഞച്ചൻ എന്ന ഫേസ്ബുക്ക് പേജിലൂടെ കോൺഗ്രസ് നേതൃത്വത്തിൽ അശ്ലീല പരാമർശങ്ങളും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനമാണ് പോസ്റ്റുകളിൽ അത്രയും. പോലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞിട്ടും ഇയാൾ അശ്ലീല പോസ്റ്റുകളിടുന്നത് തുടരുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇടപെട്ട് പേജ് പൂട്ടിച്ചിരുന്നു. തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു. പാറശാലയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റ്, കെ എസ് യു മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിക്കുന്ന അബിന് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഉൾപ്പെടെ അടുത്ത ബന്ധമുണ്ട്. കെപിസിസി ഐ ടി സെല്ലിലെ പ്രധാനി കൂടിയാണിയാൾ. കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലുണ്ടാക്കിയ പേജിലെ അബിന്റെ പോസ്റ്റുകൾ ഷെയർ ചെയ്ത കോൺഗ്രസ് വാർഡ് പ്രസിഡന്റടക്കമുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോൺഗ്രസ് ഐടി സെല്ലിൻ്റെ സഹായത്തോടെയാണ് വ്യാജ ഐഡി നിർമ്മിച്ചത്. ഒരിക്കലും പിടിക്കപ്പെട്ടില്ല എന്ന വിശ്വാസത്തിലായിരുന്നു കോൺഗ്രസ് നേതാക്കൾ. എന്നാൽ സംസ്ഥാന സൈബർ പോലീസ് അതി വിദഗ്ധമായ അന്വേഷണത്തിലൂടെ കോൺഗ്രസിൻ്റെ കോട്ടയം കുഞ്ഞച്ചനെ കൈയോടെ പിടിച്ചു.
ഡോക്ടർ സരിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിൻ്റെ പുതിയ സൈബർ ടീം സൈബറിടങ്ങളിൽ നടത്തുന്ന അനാശാസ്യ പ്രവർത്തനമാണ് കോട്ടയം കുഞ്ഞച്ചനിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. വി ഡി സതീശൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല, വി ടി ബലറാം , ഷാഫി പറമ്പിൽ തുടങ്ങി കോൺഗ്രസ് നേതാക്കളുമായി അബിന് ആത്മബന്ധമുണ്ട്. ചാണ്ടി ഉമ്മനുമായും വളരെ അടുത്ത ബന്ധമാണ്. കെപിസിസി ഐ ടി സെല്ലിൻ്റെ കമ്പ്യൂട്ടറുകൾ വരെ കോട്ടയം കുഞ്ഞച്ചന്റെ അശ്ലീല കൃത്യങ്ങൾക്ക് ഉപയോഗിച്ചതായും വിവരമുണ്ട്.