ആരാദ്യം പറയും എന്നതിനെ ചൊല്ലി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഏറ്റുമുട്ടിയ വാർത്താ സമ്മേളനത്തിൽ സതീശൻ സുധാകരനെ പരിഹസിക്കുന്ന ദൃശ്യവും പുറത്തു വന്നു. മാധ്യമ പ്രവർത്തകയുടെ ഇംഗ്ലീഷ് ചോദ്യമാണ് പകരം വീട്ടാൻ സതീശൻ ആയുധമാക്കിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം കോട്ടയം ഡിസിസി ഓഫീസിലായിരുന്നു ഇരുവരും ഇടഞ്ഞത്.
തനിക്ക് ആദ്യം സംസാരിക്കണമെന്ന സുധാകരൻ്റെ ആവശ്യം അംഗീകരിക്കാതിരുന്ന സതീശൻ രോഷത്തോടെ ചാനൽമൈക്കുകൾ തള്ളി മാറ്റുകയും ഷാൾ അണിയിക്കാൻ വന്നവരെ തട്ടി മാറ്റുകയും ചെയ്തു. അരിശം മൂത്ത് അസ്വസ്ഥത പ്രകടിപ്പിച്ച് വാർത്താ സമ്മേളന വേദിയിൽ ഇരുന്ന സതീശൻ പിന്നീട് സംസാരിക്കാൻ തയ്യാറായില്ല. സതീശനോടുള്ള ചോദ്യങ്ങൾക്ക് എല്ലാം പ്രസിഡന്റ് പറഞ്ഞു എന്ന ഒറ്റ മറുപടിയാണ് ഉണ്ടായത്. ഒട്ടേറെ ചോദ്യങ്ങൾ വന്നെങ്കിലും സതീശൻ മറുപടി പറയാൻ കൂട്ടാക്കിയില്ല. ആദ്യം സംസാരിക്കാൻ അവസരം കിട്ടാതിരുന്ന സതീശൻ വാർത്താസമ്മേളനം കഴിയുന്നവരെ ക്ഷോഭത്തോടെ പെരുമാറുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നീട് ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം മനസ്സിലാകാതെ കുഴഞ്ഞ സുധാകരൻ സഹായത്തിനായി സതീശനോട് തിരിയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇംഗ്ലീഷിലുള്ള ചോദ്യം സുധാകരന് പെട്ടെന്ന് മനസ്സിലായില്ല, വൺസ് മോർ എന്ന് സുധാകരൻ പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോഴും മനസ്സിലാകാതെ സതീശനെ നോക്കി. എന്നാൽ പരിഹാസഭാവത്തിൽ “ചോദ്യം എന്നോടല്ല, നിങ്ങളോടാണ് ‘ എന്ന് പറഞ്ഞ് സതീശൻ സുധാകരനെ പരിഹസിച്ച് ചിരിച്ചു.
ചോദ്യം സുധാകരന് മനസ്സിലാകുന്നില്ല എന്ന് കണ്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ “സതീശനോടാ’ എന്ന് പറഞ്ഞ് രംഗം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പരിഹാസ ചിരി തുടർന്ന് മിണ്ടാതിരിക്കുകയായിരുന്നു സതീശൻ .