കോൺഗ്രസിൽ നിന്ന് നേരിട്ട അവഗണയും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കിയതിലെ എതിർപ്പും വ്യക്തമാക്കി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരും തന്നെയാണ് പിന്തുണച്ചതെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ചെന്നിത്തലയുടെ പ്രതികരണം. ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് ചെന്നിത്തല വാർത്ത പങ്കുവച്ചിരിക്കുന്നത്.
വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തർക്കം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിലെ തമ്മിലടി പരസ്യമാക്കിയിരിക്കുകയാണ് രമേശ് ചെന്നിത്തല. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ ആയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തിയാണ് സതീശൻ തന്നെ പിന്നിൽ നിന്നു കുത്തിയ കാര്യം ചെന്നിത്തല ചുണ്ടിക്കാണിക്കുന്നത് .
ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതെന്ന് ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. “പാഴായ ഭൂരിപക്ഷ പിന്തുണ ” എന്ന അധ്യായത്തിലാണ് ചെന്നിത്തലയ്ക്ക് നേരിടേണ്ടി വന്ന ചതിയെ കുറിച്ചുള്ള നിർണ്ണായക പരാമർശം. ഈ വാർത്തയാണ് ചെന്നിത്തല ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തത്.