തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ചിഫ് സെക്രട്ടറിയാണ് വിജിലസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി.
ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നതാണ് കേസ്. ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചു. മൂന്നാർ ദേവികുളം വില്ലേജിൽ ചിന്നക്കനാലിലാണ് ഭൂമിയും ആഡംബര റിസോർട്ടും. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻതന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ് 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്.
2021 മാർച്ച് 18നാണ് 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ കുഴൽനാടൻ വ്യക്തമാക്കുന്നുണ്ട്. യഥാർഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. കെട്ടിടമുള്ള കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയത്. അനധികൃതമായി നിർമിച്ച കെട്ടിടം ആധാരത്തിൽ ഉൾപ്പെടുത്തിയാൽ രജിസ്ട്രേഷന് തടസ്സമാകുമെന്നത് മനസ്സിലാക്കിയാണ് അതും മറച്ചുവച്ചത്. ഇതുവഴി അറുപത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് കണക്കാക്കുന്നു.