വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുണ്ടായ ഏറ്റുമുട്ടൽ മാധ്യമങ്ങൾ മുക്കി. കുറിപ്പുകൾ കൈയിൽ വെച്ച് ആദ്യം സംസാരിക്കാൻ തുടങ്ങിയ സതീശനെ സുധാകരൻ വിലക്കിയതോടെയാണ് ഇരുവരും തമ്മിൽ വാക്പോരുണ്ടായത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു രൂക്ഷമായ തർക്കം. താൻ ആദ്യം പറയുമെന്ന് സതീശൻ വാശി പിടിച്ചെങ്കിലും സുധാകരൻ സമ്മതിച്ചില്ല. മാധ്യമങ്ങൾ ഒളിച്ചു വെച്ച ഏറ്റുമുട്ടൽ സാമൂഹ്യ മാധ്യമങ്ങൾ പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചാനൽ മൈക്കുകൾക്കായി പിടിവലി കൂടുന്ന ദൃശ്യം ഇതോടെ വൈറലായി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിൽ കോട്ടയം ഡിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിലാണ് ഇരുവരും തമ്മിലിടഞ്ഞത്. കോൺഗ്രസ് യോഗശേഷം വി ഡി സതീശൻ മാധ്യമങ്ങൾക്കുമുന്നിലെത്തിയപ്പോൾ സുധാകരനും ഒപ്പമെത്തി. സുധാകരൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കസേര മാറിയിരുന്ന സതീശൻ ചാനൽ മൈക്കുകളും തന്റെ വശത്തേക്ക് നീക്കിവച്ചു. എന്നാൽ, സുധാകരന് ഇത് രസിച്ചില്ല. ‘‘ഞാൻ തുടങ്ങാം’’ എന്നായി സുധാകരൻ. സതീശൻ വഴങ്ങിയില്ല. ‘‘ഞാൻ തുടങ്ങാം’’ എന്ന നിലപാടിലായിരുന്നു അദ്ദേഹവും. ‘‘അതെങ്ങനെ ശരിയാകും, കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ തുടങ്ങും’’എന്ന് സുധാകരൻ ദേഷ്യത്തിൽ പറയുന്നതും ദൃശ്യത്തിലുണ്ട്. തുടർന്ന് വി ഡി സതീശൻ അരിശത്തോടെ തന്റെ മുന്നിലിരുന്ന ചാനൽ മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക് നീക്കിവച്ചു. കോൺഗ്രസ് പ്രവർത്തകർ ഷാൾ അണിയിക്കാൻ ശ്രമിച്ചപ്പോൾ തട്ടിമാറ്റി.
മാധ്യമപ്രവർത്തകർ തന്നോട് ചോദ്യങ്ങൾ ചോദിച്ചപ്പോഴും സതീശൻ അരിശം തീർത്തു. ‘‘എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ, ഒന്നും പറയാനില്ല’’ എന്നായിരുന്നു ആവർത്തിച്ചുള്ള മറുപടി. മുതിർന്ന നേതാക്കളായ കെ സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നെങ്കിലും തർക്കത്തിൽ ഇടപെട്ടില്ല.