പുതുപ്പള്ളി വിജയത്തിന്റെ പേരിൽ തന്നെ മാത്രമായി
പ്രശംസിക്കുന്നത് തടയാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി വാർത്താ സമ്മേളനത്തിൽ തർക്കമുണ്ടായതെന്ന്
വി ഡി സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആര് ആദ്യം സംസാരിക്കണം എന്നതിനെ ചൊല്ലി ഇരുവരും ഏറ്റുമുട്ടിയത്. രോഷാകുലനായ സതീശൻ ചാനൽ മൈക്കുകൾ സുധാകരനു മുന്നിലേക്ക് തള്ളി മാറ്റുകയും ഒന്നും പറയാനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ ഷാൾ അണിയിക്കാൻ ശ്രമിച്ചവരെയും തട്ടി മാറ്റി.
എന്നാൽ സുധാകരനുമായി തർക്കം ഉണ്ടായി എന്നത് സത്യമാണെനും വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞതിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്നുമാണ് സതീശന്റെ ന്യായീകരണം.
‘ശരിക്കു പറഞ്ഞാൽ അതിൽ ഒരു സത്യമുണ്ട്. ഞാനും കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു തർക്കമുണ്ടായി. വാർത്താസമ്മേളനത്തിന് പോകാൻ നേരം അദ്ദേഹം പറഞ്ഞു, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന്. ഒരു കാരണവശാലും പറയാൻ പറ്റില്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെ പറയാൻവന്ന കെ സുധാകരനെ തടയാനാണ് ഞാൻ നോക്കിയത്. അപ്പോഴാണ് അദ്ദേഹം ഞാനാണ് കെപിസിസി പ്രസിഡന്റെന്നും ഞാൻ ആദ്യം പറയുമെന്നും പറഞ്ഞത്. അപ്പോഴാണ് ഞാൻ മൈക്ക് നീക്കി നൽകിയത്’- എന്നാണ് സതീശന്റെ വാദം.
കെ സുധാകരനും വി ഡി സതീശനും തമ്മിൽ വാർത്താസമ്മേളന വേദിയിലുണ്ടായ തർക്കത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സതീശന്റെ വിചിത്ര ന്യായീകരണം.