ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന സാമൂഹ്യസുരക്ഷാ പെൻഷനിലും കുത്തിത്തിരിപ്പിന് ലക്ഷ്യമിട്ടാണ് സിഎ ജി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വ്യക്തമായി.
ക്ഷേമ പെൻഷൻ വിതരണത്തിലെ സിഎജി പരിശോധനയും റിപ്പോർട്ടിലെ നിരീക്ഷണങ്ങളും സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കാനാണ് കേരള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ശ്രമിച്ചത്. ഏതാനും തദ്ദേശ സ്ഥപാനങ്ങൾ മാത്രം തെരഞ്ഞുപിടിച്ച് പരിശോധന നടത്തിയെന്ന് വരുത്തി, പെൻഷൻ വിതരണം താറുമാറാക്കുന്ന പ്രചാരണത്തിന് അവസരമൊരുക്കി. മറ്റു സംസ്ഥാനങ്ങളുടെയും കേന്ദ്ര സർക്കാരിന്റെയും ഓഡിറ്റ് റിപ്പോർട്ടുകളിലില്ലാത്ത അസാധാരണ നടപടികളാണ് കേരളത്തിലുണ്ടായത്. ക്ഷേമ പെൻഷൻ വിതരണം തടയാൻ വഴിയൊരുക്കുന്ന പരാമർശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തി വാർത്താ സമ്മേളനം നടത്തി പുറത്തു വിടുകയും ചെയ്തു.
ഓഡിറ്റും നിരീക്ഷണങ്ങളും അക്കൗണ്ടന്റ് ജനറലിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. നിരീക്ഷണങ്ങൾ നിയമസഭാ സമിതികളും വകുപ്പുകളും പരിശോധിച്ച് തുടർനടപടിയെടുക്കും. ഇവിടെ പ്രിൻസിപ്പൽ എജിതന്നെ റിപ്പോർട്ടിനെ സർക്കാരിനെതിരായ പ്രചാരണായുധമാക്കാൻ അത്യുത്സാഹം കാട്ടി. ആയിരത്തിലേറെ തദ്ദേശസ്ഥാപനങ്ങൾ സാമൂഹ്യസുരക്ഷാ പെൻഷൻ കൈകാര്യം ചെയ്യുന്നതിൽ ഓഡിറ്റ് പരിശോധന നടന്നത് 37 എണ്ണത്തിൽ മാത്രമാണെന്ന് എജി പറയുന്നു. ഇത് മറച്ചുവച്ച്, ആകെ കുഴപ്പമെന്ന് വരുത്തിത്തീർത്തു. 2017 ഏപ്രിൽമുതൽ 2022 മാർച്ചുവരെ 47,97,228 പേർക്ക് 29,623 കോടി രൂപ പെൻഷൻ നൽകി. നിലവിൽ സാമൂഹ്യസുരക്ഷാ പെൻഷൻകാർ 53 ലക്ഷമാണ്. ക്ഷേമ പെൻഷൻകാരും ചേരുമ്പോൾ 62 ലക്ഷം. ഇതിൽ 6,88,329 ലക്ഷം പേർക്കാണ് 300, 400 രൂപവീതം കേന്ദ്ര സഹായമുള്ളത്. സംസ്ഥാനം മുൻകൂർ നൽകിയ കേന്ദ്ര വിഹിതം ഇതുവരെ അനുവദിച്ചിട്ടില്ലെന്ന കാര്യവും എ ജി മറച്ചുവച്ചു.
കേന്ദ്ര സഹായത്തിൽ പെൻഷൻ നൽകി ക്രെഡിറ്റ് സംസ്ഥാനം തട്ടിയെടുക്കുന്നുവെന്ന വാദവുമായാണ് നേരിട്ട് പണം അക്കൗണ്ടുകളിലേക്ക് നൽകാൻ തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുടക്കം. എന്നിട്ടും 18 മാസംവരെ പെൻഷൻ കുടിശ്ശികയാക്കിയ സാഹചര്യത്തിൽ, തുടർന്നുവന്ന എൽഡിഎഫ് സർക്കാർ വാതിൽപ്പടി പെൻഷൻ വിതരണം ആരംഭിച്ചത്. ഏഴുവർഷത്തിനിടയിൽ ഇതേക്കുറിച്ച് പരാതികളൊന്നും ഉണ്ടായിട്ടില്ല.