കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വളച്ചൊടിച്ച വാർത്തകൾ നൽകി ജനങ്ങളെ ഭയചകിതരാക്കുന്ന മനോരമയെ തുറന്നു കാണിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾക്ക് ചേരാത്ത പ്രവൃത്തിയാണ് മനോരമയുടേതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്:
“മനോരമ ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത സംബന്ധിച്ചാണ്…
കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധത്തിന് ഒറ്റക്കെട്ടായി (ഇന്നലെ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഒരുപോലെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെയും ഇടപെടലുകളെയും അഭിനന്ദിക്കുകയാണ് ചെയ്തത്.) നാം ശ്രമിക്കുമ്പോൾ ദയവായി ആളുകളെ ഭയചകിതരാക്കുന്ന വാർത്തകൾ കൊടുക്കരുത് എന്ന് മനോരമ പത്രത്തോട് അഭ്യർത്ഥിക്കുന്നു. നിപ നിയന്ത്രണത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം, തെറ്റായതോ വളച്ചൊടിച്ചതോ ആയ വാർത്തകൾ നൽകി കെടുത്താൻ ശ്രമിക്കരുത് എന്നും അഭ്യർത്ഥിക്കുന്നു. അത് ഉത്തരവാദിത്വമുള്ള ഒരു മാധ്യമത്തിന് ഒരിക്കലും ചേരാത്ത ഒരു പ്രവർത്തിയാണ് എന്ന് പറയട്ടെ.
‘നിപ പ്രതിരോധം പാളി… സമ്പർക്ക പട്ടിക ഉണ്ടാക്കുന്നതിൽ പോലും മെല്ലെ പോക്ക് എന്നാണ് വാർത്തയുടെ തലക്കെട്ട’
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടാത്ത ആൾ പോസിറ്റീവ് ആയി എന്നതാണ് ഒരു അക്ഷേപം. സ്രവപരിശോധനയ്ക്ക് സാമ്പിൾ അയച്ചതിൽ പ്രോട്ടോക്കോൾ പാലിച്ചില്ല എന്നതാണ് രണ്ടാമത്തെ ആക്ഷേപം.
അവസാനം പോസിറ്റീവായ വ്യക്തിക്ക് രോഗബാധയുണ്ടായത് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പിൽപ്പെട്ട സ്ഥലത്ത് നിന്ന് തന്നെയായിരുന്നു. പ്രസ്തുത സ്ഥലം ഒരു ആശുപത്രിയാണ്. അവിടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകരും രോഗികളും ആരോഗ്യ വകുപ്പിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. നിപ ഉണ്ട് എന്ന് കണ്ടെത്തിയ ആരോഗ്യ പ്രവർത്തകൻ പ്രസ്തുത പട്ടികയിൽ ഉണ്ടായിരുന്ന ആളാണ്. മേല്പ്പറഞ്ഞ വ്യക്തി ഒരു ആരോഗ്യ പ്രവർത്തകനോ രോഗിയോ ആയിട്ടല്ല സമ്പർക്ക സ്ഥലത്ത് വന്നത്. മറിച്ച് ഒരു രോഗിക്ക് തന്നെ ഉണ്ടാകാനിടയുള്ള പല കൂട്ടിരിപ്പുകാരിൽ ഒരാളായിരുന്നു. തിരക്കുള്ള ആശുപത്രിയിൽ രോഗികളായി വന്ന ആളുകൾ ഓരോരുത്തരെയും ബന്ധപ്പെട്ട് കൂട്ടിരിപ്പുകാരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അതിലൊരാൾ പോസിറ്റീവായത്. രോഗം പകരാനിടയുള്ള സ്ഥലങ്ങൾ പൊതുമീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നു. അവിടങ്ങളിലുണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിച്ചിരുന്നു.
നിപ രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക എന്നത് അത്യന്തം ക്ലേശകരമായ പ്രവർത്തനമാണ്. കേരളത്തിൽ സ്തുത്യർഹമായി മുൻകാലങ്ങളിൽ നടന്ന നിപാ നിയന്ത്രണങ്ങളിലും രോഗബാധയുണ്ടായതായി കണ്ടെത്തിയത് അതിനകം സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായിരുന്നില്ല. രോഗബാധയുണ്ടായി എന്നറിഞ്ഞതിന് ശേഷം സമ്പർക്കം കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത്തവണ രോഗ വ്യാപനം ശ്രദ്ധയിൽപ്പെട്ടതിന് ശേഷം കണ്ടെത്തിയ രണ്ട് രോഗികളിൽ ഒരാൾ ആരോഗ്യ വകുപ്പിന്റെ സമ്പർക്കപ്പട്ടികയിൽ നിന്ന് തന്നെ ആയിരുന്നു. മാത്രമല്ല, ആദ്യ രോഗിക്ക് തന്നെ നിപയായിരുന്നു എന്ന് ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച വ്യക്തിയുടെ സ്രവം പരിശോധനക്കായി വൈറോളജി ലാബിലേക്ക് അയച്ചതിൽ പ്രേട്ടോക്കോൾ പാലിച്ചില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. നിപ രോഗം ബാധിച്ച് മരണമടഞ്ഞ ആൾ ചികിത്സയ്ക്കായി എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ രണ്ടു പേരെ കോണ്ടാക്ട് സർവ്വേയിലൂടെ കണ്ടെത്തുകയും സ്രവം പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. നിപ കൺട്രോൾ സെല്ലിൽ സ്രവപരിശോധനാ ചുമതലയുള്ള മെഡിക്കൽ കോളേജിലെ ഡോക്ടറായ ടീം ലീഡർ നിയോഗിച്ച വാഹനത്തിൽ സ്രവം എറണാകുളത്തെത്തിക്കുകയും അവിടെ നിന്നും വിമാനമാർഗ്ഗം12.09.2023 ചൊവ്വാഴ്ച രാത്രിയിൽ ഐൻ. ഐ.വി. പൂനയിലേക്ക് അയക്കുകയുമാണ് ചെയ്യത്. ഇതോടൊപ്പം നിർദ്ദിഷ്ട ഫോർമാറ്റിൽ റിക്വസ്റ്റ് പൂനയിലേക്ക് അയക്കുകയും അവിടെ നിന്നും പരിശോധനാ ഫലം 13.09.2023 ബുധനാഴ്ച തന്നെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളിന്റെ ഫലം പോസിറ്റീവും മറ്റേയാളിന്റേത് നെഗറ്റീവുമായിരുന്നു. സാമ്പിൾ അയക്കുന്നതിൽ കാലതാമസമോ ആശയക്കുഴപ്പമോ ഉണ്ടായിട്ടില്ല. “