മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ടെനി ജോപ്പനെ സോളാർ കേസിൽ അറസ്റ്റ് ചെയ്യുന്ന കാര്യം ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. സോളാർ കേസ് വീണ്ടും സജീവ ചർച്ചയാകുന്നതിനിടെയാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെ ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തൻ കൂടിയായിരുന്ന കെ സി ജോസഫിൻ്റെ വെളിപ്പെടുത്തൽ. പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പൻ ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരി കൂടിയായിരുന്നു.
ഭരണത്തലവനായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ ആഭ്യന്തര വകുപ്പ് അദ്ദേഹത്തെ അറിയിക്കേണ്ടതാണ്. സമ്മതം വാങ്ങിയില്ലെങ്കിലും അറിയിക്കുക എന്നതാണ് നടപടിക്രമം. അതൊന്നും പാലിക്കപ്പെട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയെ വിവരം അറിയിച്ചില്ല എന്നായിരുന്നു പിന്നീട് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് എന്തുകൊണ്ട് അദ്ദേഹത്തെ അറിയിച്ചില്ല എന്നതിനും ആഭ്യന്തര മന്ത്രി അറിയാതെ ഒരുദ്യോഗസ്ഥൻ ഇത് ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ‘അതിന് ഉത്തരം പറയേണ്ടത് ഞാനല്ല. പിന്നീട് അതേക്കുറിച്ച് ഞാൻ അന്വേഷിച്ചുമില്ല ’ എന്നായിരുന്നു കെ സി ജോസഫിൻ്റെ മറുപടി.
ജോപ്പനെ അറസ്‌റ്റുചെയ്യുന്ന വിവരം ഉമ്മൻചാണ്ടിക്ക് /അറിയില്ലായിരുന്നെന്ന് എനിക്ക് നേരിട്ടറിയാം. യുഎൻ അവാർഡ് വാങ്ങാൻ ബഹ്‌റൈനിൽ ആയിരുന്നു ഉമ്മൻചാണ്ടി. ആ സമയത്ത് താനും ഒപ്പമുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് മുറിയിൽ എത്തുമ്പോൾ ദൃശ്യമാധ്യമങ്ങളിലൂടെയാണ് ജോപ്പനെ അറസ്റ്റ് ചെയ്‌ത കാര്യം അറിഞ്ഞത്. അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അത്രയേ എനിക്ക് പറയാൻ സാധിക്കൂ – കെ സി ജോസഫ് വ്യക്തമാക്കി.