കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിവിഹിതം നിഷേധിച്ച് കേന്ദ്രസർക്കാർ. സാങ്കേതിത്വത്തിൻ്റെ മറപിടിച്ചാണ് പദ്ധതിവിഹിതം നിഷേധിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം പോഷനിൽ കേരളത്തിന് നൽകേണ്ട 285 കോടിയുടെ ആദ്യ ഗഡുവായ 170 കോടി, സാമ്പത്തികവർഷത്തിലെ ആറാംമാസത്തിലും നൽകിയിട്ടില്ല. മുൻവർഷത്തെ വിനിയോഗം സംബന്ധിച്ച കണക്കുകൾ തൃപ്തികരമല്ലെന്നു പറഞ്ഞാണ് കേന്ദ്രത്തിൻ്റെ ക്രൂരത. ഓരോതവണയും പുതിയ കാരണങ്ങൾ കണ്ടെത്തി കേന്ദ്രം ഫണ്ട് തടയുകയാണ്.
2022 -23 വർഷത്തിലെ കണക്ക് ജൂലൈ ഏഴിന് പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) വഴി കേരളം നൽകിയതാണ്. എന്നാൽ, 2021- 22 വർഷത്തിലെ രണ്ടാം ഗഡുവായ 132 കോടി രൂപ കേരളം വിനിയോഗിച്ചില്ലെന്ന് ആരോപിച്ച് ഫണ്ട് തടഞ്ഞു. 2021- 22ൽ കേന്ദ്രം വിഹിതം നൽകാത്തതിനെ തുടർന്ന് സംസ്ഥാന ധനവകുപ്പ് സ്കൂളുകൾക്ക് പണം നൽകുകയായിരുന്നു. പിന്നീട് നിരന്തര ഇടപെടലിലൂടെ 2023 മാർച്ച് 30നാണ് റീ ഇംപേഴ്സ്മെന്റായി തുക ലഭിച്ചത്. എന്നാൽ, ഇത് പരിഗണിക്കാതെ കേന്ദ്രവിഹിതമായ 132 കോടിയും സംസ്ഥാന വിഹിതമായ 77 കോടിയും ചേർത്ത് 209 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് (എസ്എൻഎ) നിക്ഷേപിക്കണമെന്ന പിടിവാശിയിലാണ് കേന്ദ്രം. ഇതോടെ ധനവകുപ്പ് വീണ്ടും തുക അനുവദിക്കാനുള്ള നടപടി ആരംഭിച്ചു. കേന്ദ്രം മറ്റ് തടസവാദങ്ങൾ ഉന്നയിച്ചില്ലെങ്കിൽ കണക്കുകൾ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ സ്കൂളുകളിലേക്ക് തുക ലഭ്യമാക്കാൻ കഴിഞ്ഞേക്കും.
നിലവിൽ സെപ്തംബർ വരെയുള്ള അരി കേന്ദ്രം സപ്ലൈകോ വഴി ലഭ്യമാക്കിയിട്ടുണ്ട്. മാർച്ച് വരെയുള്ള അരിയും ഉടനെ നൽകും. എന്നാൽ, ഭക്ഷണവിതരണത്തിൻ്റെ ചെലവിനുള്ള തുക മാത്രം അനുവദിക്കാൻ കേന്ദ്രം വിമുഖത കാട്ടുകയാണ്. പിഎഫ്എംഎസ് നിർബന്ധമാക്കിയ 2021ന് ശേഷമാണ് ഉച്ചഭക്ഷണ വിതരണത്തിൻ്റെ തുക അനുവദിക്കുന്നതിൽ വീഴ്ച ആരംഭിച്ചത്. അതുവരെ കേരളം തുക വിനിയോഗിച്ച ശേഷം കേന്ദ്രഫണ്ട് വരുമ്പോൾ വകയിരുത്തുകയായിരുന്നു. കണക്കുകളിൽ കൃത്യതയുണ്ടെങ്കിലും പോർട്ടലിലുണ്ടാകുന്ന പ്രശ്നങ്ങളും ഫണ്ടിനെ ബാധിക്കാറുണ്ട്. ഇവയെല്ലാം മറച്ചുവച്ച് കേരളത്തെ വിമർശിക്കാനുള്ള തിടുക്കമാണ് മാധ്യമങ്ങൾക്ക്. കേന്ദ്രം തുക അനുവദിക്കാത്തതും കേരളത്തിൻ്റെ കുറ്റമാക്കി വെള്ള പൂശൽ യജ്ഞത്തിലാണ് മാധ്യമങ്ങൾ.