തിരുവനന്തപുരം: ചിന്ത വാരികയിലെ ലേഖനം ദുർവ്യാഖ്യാനം ചെയ്ത് മനോരമ ഓൺലൈനും ചില ചാനലുകളും സൃഷ്ടിച്ച വാർത്തകൾ തുറന്നു കാട്ടി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ.ടി എം തോമസ് ഐസക്ക്. ലേഖനത്തിൻ്റെ ആരംഭത്തിൽ പഠന കോൺഗ്രസ് പ്രക്രിയ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന ഭരണസംവിധാനത്തെക്കുറിച്ചുള്ള വിമർശനമെടുത്ത് ഇന്നത്തെ സർക്കാർ സംവിധാനത്തോടുള്ള വിമർശനമായി വ്യാഖ്യാനിച്ചിരിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ലേഖനം അവസാനം വരെ വായിക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പരിഹസിച്ചു. ഏതോ ഒരാൾ ഏതോ ചാനലിൽ ബ്രേക്ക് ചെയ്യുന്നു. പിന്നെ herd instinct ആണ്. എല്ലാവരും അതിനു പുറകേ പോയി.
“ജനങ്ങളുടെ പരാതികളേറുന്നു; ഭരണ സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്” എന്നാണ് മനോരമ ഓൺലൈനിലെ ഒരു വാർത്ത. മറ്റു ചില ചാനലുകളിലും ഭരണസംവിധാനത്തെക്കുറിച്ചുള്ള വിമർശനം ഉണ്ട്. വൻകിട പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാപ്തിയില്ല. വ്യവസായ പ്രോത്സാഹനത്തിൽ ഫലപ്രദമല്ല. എന്നു തുടങ്ങിയവയാണ് പ്രധാന വിമർശനങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെപ്തംബർ 8 ന് പുറത്തിറങ്ങുന്ന പുതിയ ചിന്തയിലെ ലേഖനമാണ് ഇത്തരം വാർത്തകളുടെ ആധാരമെന്ന് അദ്ദേഹം പറഞ്ഞു.
ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:
“ജനങ്ങളുടെ പരാതികളേറുന്നു; ഭരണ സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്” എന്നാണ് മനോരമ ഓൺലൈനിലെ ഒരു വാർത്ത. മറ്റു ചില ചാനലുകളിലും ഭരണസംവിധാനത്തെക്കുറിച്ചുള്ള എന്റെ വിമർശനം ഉണ്ട്. വൻകിട പ്രൊജക്ടുകൾ നടപ്പിലാക്കാനുള്ള പ്രാപ്തിയില്ല. വ്യവസായ പ്രോത്സാഹനത്തിൽ ഫലപ്രദമല്ല. എന്നു തുടങ്ങിയവയാണ് പ്രധാന വിമർശനങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെപ്തംബർ 8-ന്റെ പുതിയ ചിന്തയിലെ എന്റെ ലേഖനമാണ് ഇത്തരം വാർത്തകളുടെ ആധാരം.
സെപ്തംബർ 8-ന്റെ ചിന്തയിലെ കവർ സ്റ്റോറി ഭരണപരിഷ്കാരത്തെക്കുറിച്ചാണ്. ഇതു സംബന്ധിച്ച്
തിരുവനന്തപുരത്തു നടന്ന പഠന കോൺഗ്രസ് സെമിനാറിലെ തെരഞ്ഞെടുത്ത ലേഖനങ്ങളാണ് ഉള്ളടക്കം. അതിൽ അവിടെ ഞാൻ അവതരിപ്പിച്ച “പഠന കോൺഗ്രസുകളും ഭരണ പരിഷ്കാരവും – ഒരു അവലോകനം” എന്ന കുറിപ്പിലാണ് അന്വേഷകർ എന്റെ വിമർശനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിലെ ഭരണയന്ത്രം പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ പുരോഗമനപരമാണ്. ഈ ജനാധിപത്യവല്ക്കരണം എങ്ങനെയാണ് ഉണ്ടായതെന്നു പരിശോധിച്ചശേഷം ഈ ഭരണയന്ത്രത്തിന്റെ ദൗർബല്യങ്ങൾ വിമർശനപരമായി പരിശോധിക്കുന്നു.
“കേരളത്തിലെ ഭരണസംവിധാനത്തിനു മേൽപ്പറഞ്ഞ നേട്ടങ്ങൾ ഉണ്ടെന്നതു യാഥാർത്ഥ്യമാണെങ്കിലും നിരവധി പോരായ്മകൾ അതിനുണ്ട്. അതിൻ്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികൾ. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു.
ഭരണസംവിധാനത്തിൻ്റെ ഇത്തരം ദൗർബല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വകാര്യവൽക്കരണ അജണ്ടകൾ ജനങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ ഭരണയന്ത്രത്തിൻ്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ. നിയോലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ നമുക്കു കഴിയണം.”
“കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് നടന്നില്ല എന്നതിൻ്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജനസൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകും.”
ഇതിനുശേഷം കഴിഞ്ഞ നാല് പഠന കോൺഗ്രസുകൾ ഈ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനു മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ എന്തായിരുന്നു? അവ എത്രമാത്രം നടപ്പാക്കാനായി? എന്നത് അവലോകനം ചെയ്യുന്നു.
എന്റെ വിലയിരുത്തൽ ഇതാണ്:
“അധികാരവികേന്ദ്രീകരണത്തിൽ രാജ്യത്തെ ഏറ്റവും സമഗ്രമായ പരിഷ്കാരം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളത് കേരളത്തിലാണ്. ജനകീയത വീണ്ടെടുക്കുക, പങ്കാളിത്താസൂത്രണ പ്രക്രിയയിൽ നൂതനപദ്ധതികൾ ആവിഷ്കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയ മേഖലകളിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ഇ-ഗവേണൻസ് മേഖലയിൽ ഇന്ന് കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പഞ്ചായത്തീരാജ് ഭരണസംവിധാനമാണ്.”
“വൻകിട പ്രൊജക്ടുകളെല്ലാം കാലാവധിയുടെ രണ്ടും മൂന്നും മടങ്ങ് കടന്ന് നീണ്ടുപോകുന്ന സ്ഥിതിവിശേഷത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. കൂടുതൽ സമയബന്ധിതമായി പ്രൊജക്ടുകൾ പൂർത്തീകരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ കാര്യക്ഷമത ഇപ്പോഴും ഭൂരിപക്ഷം പ്രൊജക്ടുകളിലേക്കും എത്തിയിട്ടില്ല.”
“വിദ്യാഭ്യാസ-ആരോഗ്യാദി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിലെ പശ്ചാത്തലസൗകര്യ വികസനവും കൂടുതൽ ജീവനക്കാരെ നിയോഗിച്ചതും ജനപങ്കാളിത്തവേദികൾ ഫലപ്രദമായി പ്രവർത്തിച്ചതിന്റെയും ഫലമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലമായ അഴിച്ചുപണി ഇപ്പോഴും പ്രായോഗിക പദ്ധതിയായിട്ടില്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം? സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എങ്ങനെ കുറയ്ക്കാം?”
കാർഷിക മേഖല, വ്യവസായ പ്രോത്സാഹനം, റെഗുലേറ്ററി വകുപ്പുകൾ, സുതാര്യതയും നഷ്ടോത്തരവാദിത്വവും, നിയമപരിഷ്കാരം, നഗരവല്കരണം, തുടങ്ങിയ മേഖലകളും പരിശോധിക്കുന്നുണ്ട്. അവ സംബന്ധിച്ച് കൂടുതൽ അറിയണമെന്നുള്ളവർ ചിന്ത വായിക്കുക.
ലേഖനത്തിന്റെ ആരംഭത്തിൽ പഠന കോൺഗ്രസ് പ്രക്രിയ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന ഭരണസംവിധാനത്തെക്കുറിച്ചുള്ള വിമർശനമെടുത്ത് ഇന്നത്തെ സർക്കാർ സംവിധാനത്തോടുള്ള വിമർശനമായി വ്യാഖ്യാനിച്ചിരിക്കുകയാണു ചിലർ. ലേഖനം അവസാനം വരെ വായിക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ല. ഏതോ ഒരാൾ ഏതോ ചാനലിൽ ബ്രേക്ക് ചെയ്യുന്നു. പിന്നെ herd instinct ആണ്. എല്ലാവരും അതിനു പുറകേ.
ഏതായാലും അവരോട് എനിക്കൊരു കടപ്പാടുണ്ട്. മാദ്ധ്യമവിവാദം തുടങ്ങിയതിനുശേഷം ഒട്ടേറെ പേർ പുതിയ ചിന്ത അന്വേഷിക്കുന്നുണ്ട്. അച്ചടിച്ച ചിന്ത ലഭിക്കുന്നില്ലെങ്കിൽ ഓൺലൈനായി (https://chintha.in/#) വായിക്കാവുന്നതാണ് “.