കൊച്ചി: കൊച്ചി പേരണ്ടൂർ പി ആൻഡ് ടി കോളനി നിവാസികൾക്ക് അടച്ചുറപ്പുള്ള ഭവനം യാഥാർത്ഥ്യമാക്കി എൽഡിഎഫ് സർക്കാർ. മന്ത്രി എം ബി രാജേഷാണ് ഇത് സംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പ് പങ്കുവയ്ച്ചത്. മഴക്കാലത്ത് അഴുക്കുവെള്ളത്തിൽ കഴുത്തറ്റം മുങ്ങി ജിവിക്കേണ്ടി വന്ന നരകജീവിതത്തിന് അവസാനമായി. മുണ്ടംവേലിയിലെ ഫ്ലാറ്റിൽ ഇനി മനസമാധാനത്തോടെ അവർ കിടന്നുറങ്ങും. അറുപതും എഴുപതും വയസ് പ്രായമുള്ള അമ്മമാർ, ജീവിതത്തിലൊരിക്കലും സാക്ഷാത്കരിക്കാനാവില്ല എന്ന് കരുതിയ സ്വപ്നം യാഥാർത്ഥ്യമായത് ഇപ്പോഴും വിശ്വസിക്കാനാവാതെ നിൽക്കുകയാണ്. എത്രയോ മഴക്കാലരാത്രികളിൽ പി ആൻഡ് ടി കോളനിയിൽ വെള്ളമിരച്ച് കയറുന്ന വീടുകളിൽ സമാധാനമില്ലാതെ കിടന്നവർ, ഇനി സമാധാനത്തോടെ കിടന്നുറങ്ങും. ആത്മാഭിമാനത്തോടെ അന്തസോടെ മനുഷ്യോചിതമായ ജീവിതം നയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“തലവിധിയാണ് എന്നോർത്ത് ദുരിതജീവിതം സഹിച്ചവരാണ് കൊച്ചി പേരണ്ടൂർ പി ആൻഡ് ടി കോളനിക്കാർ. തലയിൽ വരച്ചത് ആർക്ക് മായ്ക്കാനാവും എന്ന് പരിതപിച്ചുകൊണ്ടിരുന്നവരുടെ തലവര എൽഡിഎഫ് സർക്കാർ മാറ്റിവരച്ചു. മഴക്കാലത്ത് അഴുക്കുവെള്ളത്തിൽ കഴുത്തറ്റം മുങ്ങി ജിവിക്കേണ്ടി വന്ന നരകജീവിതത്തിന് അവസാനമായി. മുണ്ടംവേലിയിലെ ഫ്ലാറ്റിൽ ഇനി മനസമാധാനത്തോടെ അവർ കിടന്നുറങ്ങും. അറുപതും എഴുപതും വയസ് പ്രായമുള്ള അമ്മമാർ, ജീവിതത്തിലൊരിക്കലും സാക്ഷാത്കരിക്കാനാവില്ല എന്ന് കരുതിയ സ്വപ്നം യാഥാർത്ഥ്യമായത് ഇപ്പോഴും വിശ്വസിക്കാനാവാതെ നിൽക്കുകയാണ്. എത്രയോ മഴക്കാലരാത്രികളിൽ പി ആൻഡ് ടി കോളനിയിൽ വെള്ളമിരച്ച് കയറുന്ന വീടുകളിൽ സമാധാനമില്ലാതെ കിടന്നവർ, ഇനി സമാധാനത്തോടെ കിടന്നുറങ്ങും. ആത്മാഭിമാനത്തോടെ അന്തസോടെ മനുഷ്യോചിതമായ ജീവിതം നയിക്കും.
ഗുണഭോക്തൃപട്ടിക പരിശോധിച്ച് ഏതാനും ദിവസങ്ങൾക്കകം കുടുംബങ്ങൾക്ക് കൊച്ചി കോർപ്പറേഷൻ വീടുകൾ കൈമാറും. ആകെ 14.61 കോടി രൂപയാണ് 83 കുടുംബങ്ങൾക്കുള്ള ഈ ഫ്ലാറ്റിന്റെ നിർമ്മാണച്ചെലവ്. ഇതിൽ 9.03 കോടിയും നൽകിയത് ലൈഫ് മിഷനാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് 4.86 കോടി രൂപയും PMAY 1.23 കോടിയും പദ്ധതിക്കായി നൽകി. ഇതിൽ തന്നെ കൊച്ചി സ്മാർട്ട് മിഷന്റെ 53.27%വും സംസ്ഥാന സർക്കാരിന്റെയും കോർപ്പറേഷന്റെയും വിഹിതമാണ്. ഈ ഫ്ലാറ്റ് യാഥാർത്ഥ്യമാക്കിയ കെ ചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള ജിസിഡിഎയെ അഭിനന്ദിക്കുന്നു. സി എൻ മോഹനൻ ജിസിഡിഎ അധ്യക്ഷനായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമായത്. മന്ത്രി പി രാജീവ്, കെ ജെ മാക്സി എം എൽ എ, മേയർ കെ അനിൽകുമാർ എന്നിവരും പദ്ധതിയുടെ മേൽനോട്ടം വഹിച്ചു. കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട കെട്ടിടമാണ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്.
മുണ്ടംവേലിയിൽ ജിസിഡിഎ ഉടമസ്ഥതയിലുള്ള 70 സെന്റോളം വരുന്ന ഭൂമിയിൽ പ്രീ എഞ്ചിനീയേഡ് ബിൽഡിംഗ് സ്ട്രക്ചർ (PEB) രീതിയിലാണ് നിർമാണം. 375 ചതുരശ്രഅടി വിസ്തീർണമുള്ള ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ്റൂം, ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, കിച്ചൻ, ടോയ്ലറ്റ് എന്നിവയുണ്ട്. കൂടാതെ 3 ഭവന യൂണിറ്റുകൾ കോമൺ അമിനിറ്റിസായി സിക്ക് റൂം, ഡേ കെയർ സെന്റർ, അഡ്മിൻ റൂം, റീഡിംഗ് റൂം എന്നിങ്ങനെയായി നൽകിയിരിക്കുന്നു. മഴവെള്ള സംഭരണി, കുടിവെള്ള സംഭരണ സംവിധാനം, അഗ്നിശമന സംവിധാനം എന്നിവയും ഉണ്ട്. ജൈവ മാലിന്യവും ദ്രവമാലിന്യവും സംസ്കരിക്കാനുള്ള പദ്ധതികളും ഒരുക്കും.
3,49,247 വീടുകളാണ് ഇതിനകം ലൈഫ് ഭവന പദ്ധതി വഴി കേരളത്തിൽ പൂർത്തിയാക്കിയത്. 1,16,653 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലോകത്തിന് മാതൃകയായ ഈ ഭവനനിർമ്മാണ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ് പി ആൻഡ് ടി കോളനി നിവാസികളുടെ ഈ പുനരധിവാസം ” .