എസ്എഫ്ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലയാളി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിന് നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട്. അറസ്റ്റ് വാറണ്ട് നിലനിൽക്കെയാണ് ഇയാൾ പുതുപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
കൊലക്കേസിൽ പ്രധാന പ്രതിയായ നിഖിൽ പൈലി പുതുപ്പള്ളിയിൽ യുഡിഎഫ് പ്രചാരണം നയിക്കുന്നതിനെ ന്യായീകരിക്കുകയാണ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ചെയ്തത്. നിഖിൽ പൈലി വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ് ന്യായീകരണം. കൊലക്കേസിൽ പ്രതിയായ ശേഷമാണ് യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാനായി നിഖിൽ പൈലിയെ നിയമിച്ചത്. ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും മറ്റ് യൂത്ത് – കോൺഗ്രസ് നേതാക്കൾക്കുമൊപ്പമുള്ള നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേൽ നിതിൻ ലൂക്കോസ് എന്നീ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾ ചേർന്നാണ് ധീരജിനെ കൊന്നത്.