106 കോടിയുടെ റെക്കോഡ് വിൽപ്പനയുമായി കൺസ്യൂമർ ഫെഡ്. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. സംസ്ഥാനതല ചന്തകൾക്കുപുറമെ ജില്ലാതലത്തിലും ഗ്രാമീണ തലത്തിലും ചന്തകൾ നടത്തിയാണ് പത്തുദിവസം വിപണിയിൽ ഇടപെട്ടത്.
10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കി. അരി ഉൾപ്പെടെ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണംചെയ്‌തു. വിപണിയിൽ 1100 വിലവരുന്ന 13 ഇനങ്ങൾ 462 രൂപയ്‌ക്കാണ് വിറ്റത്. കിലോയ്ക്ക് 45–-55 വരെ വിലയുള്ള അരി 25 രൂപയ്ക്കാണ് നൽകിയത്. 20 ലക്ഷം കുടുംബങ്ങളിലേക്കായി 6000 ടൺ അരിയാണ് ഓണച്ചന്തകളിലൂടെ എത്തിച്ചത്. പഞ്ചസാര (1200 ടൺ), ചെറുപയർ (500 ടൺ), ഉഴുന്ന് (525 ടൺ), കടല (470 ടൺ), വൻപയർ (430 ടൺ), തുവര (425 ടൺ), മുളക് (450 ടൺ), മല്ലി (380 ടൺ) വെളിച്ചെണ്ണ (12 ലക്ഷം പാക്കറ്റ്) എന്നിങ്ങനെയാണ് ഓണക്കാല വിൽപ്പന.
106 കോടിയിൽ 50 കോടി സബ്‌സിഡി സാധനങ്ങളും 56 കോടി സബ്സിഡി ഇതര സാധനങ്ങളുമാണ്. കൂടാതെ മിൽമ, റെയ്‌ഡ്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിറ്റു. ഹോർട്ടികോർപ്പുമായി സഹകരിച്ചും സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചും ത്രിവേണി സൂപ്പർമാർക്കറ്റുകളോടൊപ്പം പച്ചക്കറിച്ചന്തകളും നടത്തി. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ പ്രധാന പങ്കുവഹിച്ചതായി കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.