ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖിൽ പൈലി കോൺഗ്രസ് നേതാക്കൾക്കൊപ്പം പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. പാമ്പാടിയിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ കെ എസ് ശബരിനാഥൻ, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പമിരിക്കുന്ന ചിത്രം നിഖിൽ പൈലിതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
ധീരജിനെ ഒറ്റക്കുത്തിന് കൊന്ന കേസിലെ പ്രതികളെ ‘സ്വന്തം കുട്ടികൾ’ എന്നും കൊല്ലപ്പെട്ട ധീരജിനെ ‘മരണം ഇരന്നുവാങ്ങിയവൻ’ എന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും കോൺഗ്രസും വിശേഷിപ്പിച്ചത്. കൊലക്കേസിൽ പ്രതിയായ ശേഷമാണ് യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാനായി നിഖിൽ പൈലിയെ നിയമിച്ചത്. ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.
യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേൽ നിതിൻ ലൂക്കോസ് എന്നിങ്ങനെ നേതാക്കൾ നേരിട്ട് പങ്കെടുത്ത കൊലപാതകമായിരുന്നു ധീരജിന്റേത്.