പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കള്ള പ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. പുതുപ്പള്ളിയില്‍ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ലഭിക്കുന്ന സഹതാപത്തില്‍ എളുപ്പം ജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് മണ്ഡലത്തില്‍ നല്ല പിന്തുണയാണെന്ന് മനസിലാക്കിയതോടെ പ്രതിപക്ഷം കള്ള പ്രചാരണത്തിനിറങ്ങിയിരിക്കയാണ്. വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. സിപിഎമ്മിനെ ആസൂത്രിതമായി മോശമായി ചിത്രീകരിക്കുകയാണ്. എന്നാല്‍ പുതുപ്പള്ളിയില്‍ ജനങ്ങള്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നത്. ജെയ്ക് ശക്തനായ സ്ഥാനാര്‍ഥിയാണ്. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചര്‍ച്ച തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നിലപാട് തുറന്ന് കാട്ടും. മുപ്പത്, ഒന്ന് തീയതികളില്‍ 6 പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ബൂത്തിലും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. പാര്‍ടിക്കെതിരെ കേന്ദ്ര എജന്‍സികളെ ഇറക്കിയും ദുഷ്പ്രചാരണം നടത്തുന്നു. എ സി മൊയ്തീന് എംഎല്‍എയുടെ വീട്ടിലെ ഇ ഡി റെയ്ഡ് ഇതിനുദാഹരണമാണ്. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആ റെയ്ഡ്.
കരുവന്നൂര്‍ ബാങ്ക് കേസില്‍ നേരത്തെ അന്വേഷണം നടന്നതാണ്. എന്നാല്‍ അന്നൊന്നും മൊയ്തീന്റെ പേര് ഉയര്‍ന്നിട്ടില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്.കേരളത്തിലാണെങ്കില്‍ ഇ ഡി ശരി എന്നാണ് കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര ഏജന്‍സികളോടൊപ്പം മാധ്യമങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.
മാധ്യമങ്ങള്‍ പെരുപ്പിച്ച് വാര്‍ത്തകള്‍ കൊടുക്കുകയാണ്. അന്തസ്സില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. ചിന്നക്കനാല്‍ നികുതിവെട്ടിപ്പിലും അനധികൃത നിര്‍മ്മാണത്തിലും സാമ്പത്തിക ഇടപാടുകളിലും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മാത്യു കുഴല്നാടന് എംഎല്‍എ മറപടി പറയണമെന്നും എം വി ഗോവിന്ദന് ആവശ്യപ്പെട്ടു.