മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ചോദ്യംചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു. ചൊവ്വാഴ്ച കാലത്ത് 11ന് ആരംഭിച്ച ചോദ്യംചെയ്യൽ അവസാനിച്ചത് രാത്രി എട്ടിനാണ്. 30ന് സുധാകരൻ വീണ്ടും ഹാജരാകണം.
മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും. ബാങ്ക് ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ ഇഡി ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നിക്ഷേപങ്ങളുടെയും ആദായനികുതി അടച്ചതിന്റെയും ചില രേഖകൾ സുധാകരൻ ഹാജരാക്കി. രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ചോദ്യം ചെയ്യലിന് വിളിപ്പിക്കാനുള്ള അധികാരം ഇഡിക്കുണ്ടെന്നും അതിൽ കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടാലേ കോൺഗ്രസിന് പ്രശ്‌നമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെയും ചോദ്യം ചെയ്‌തിട്ടുണ്ട്. ഐജി ലക്ഷ്‌മണിനെ ക്രൈംബ്രാഞ്ച് ബുധനാഴ്ച ചോദ്യംചെയ്യും. കേസിൽ മൂന്നാംപ്രതിയാണ് ലക്ഷ്‌മൺ.