ദി ഹിന്ദു പോലൊരു പത്രത്തില്‍ നിന്ന് ഇങ്ങനെയൊരു രീതി ആരും പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന നിലയില്‍ ദി ഹിന്ദു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെ ആ പത്രത്തില്‍ നിന്ന് കേരള ജനത പ്രതീക്ഷിക്കാത്ത ഹീന രീതിയാണ് പുറത്ത് വന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ദി ഹിന്ദു പോലൊരു പത്രത്തില്‍ നിന്ന് ഇങ്ങനെയൊരു രീതി ആരും പ്രതീക്ഷിക്കുന്നില്ല. CPI(M) counters Cong. move to vilify CM, family എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ നാലാം പാരഗ്രാഫിലാണ് അമാന്യമായ ഒരു പ്രയോഗം. ……… Ms. Vijayan’s firm had rendered…. എന്നാണ് എക്‌സാലോജിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ഭാഷയില്‍ ഇങ്ങനെയൊരു രീതിയില്ല. വീണ ടി ആണ് എക്‌സാ ലോജിക്കിന്റെ ഉടമ. അവരെ Ms Veena എന്നു വിശേഷിപ്പിക്കാം. പുതിയ തലമുറ അംഗീകരിക്കില്ലെങ്കിലും Mrs Riyas എന്നും വിശേഷിപ്പിക്കാം. പക്ഷേ, മകളുടെ പേര് പരാമര്‍ശിക്കുമ്പോള്‍ Ms എന്നു ചേര്‍ത്ത് അച്ഛന്റെ പേരെഴുതുന്ന രീതി ഇംഗ്ലീഷിലെന്നല്ല, ഒരു ഭാഷയിലുമില്ല. അത്തരം പ്രയോഗങ്ങള്‍ ദുഷ്ടലാക്കുള്ള മനസില്‍ നിന്ന് ജനിക്കുന്നതാണ്. ദി ഹിന്ദു പോലൊരു പത്രത്തില്‍ നിന്ന് ഹീനം എന്ന ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന ഇത്തരം രീതികള്‍ ആരും പ്രതീക്ഷിക്കുന്നില്ല. നല്ല ഭാഷാശേഷിയും ശൈലിയും സ്വന്തമാക്കാന്‍ കുട്ടികള്‍ക്ക് അധ്യാപകരും മുതിര്‍ന്നവരുമൊക്കെ നിര്‍ദ്ദേശിക്കുന്ന പത്രമാണ്. സ്വാഭാവികമായും ആ പത്രത്തില്‍ നിന്ന് നിലവാരമുള്ള ജേണലിസം രീതിയാണ് എല്ലാവരും ആഗ്രഹിക്കുക.
മുഖ്യമന്ത്രി സ. പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാന്‍ രാഷ്ട്രീയ എതിരാളികളും ഒരു സംഘം മാധ്യമങ്ങളും ഇതാദ്യമായിട്ടല്ല ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആ വൃഥാവ്യായാമത്തിന്റെ തുടര്‍ച്ചയാണ് ഈ വിവാദവും. നിയമാനുസൃത കരാറിലൂടെ ഇരുകൂട്ടരും അംഗീകരിച്ച സേവനത്തിന് നിയമപരമായി കൈമാറിയ പ്രതിഫലത്തുക സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. അത് അഴിമതിയാണ് എന്നാണ് ആക്ഷേപം. അഴിമതിയാകണമെങ്കില്‍, സിഎംആര്‍എല്ലിന് നിയമവിരുദ്ധമായ എന്തെങ്കിലും സഹായം തിരിച്ചു ചെയ്യണം. അങ്ങനെയൊന്നും സംഭവിച്ചിട്ടേയില്ല.
സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം ഒരുകാലത്തും എല്‍ഡിഎഫ് അംഗീകരിച്ചിട്ടില്ല. ഖനനത്തിനും ധാതുപദാര്‍ത്ഥങ്ങള്‍ വേര്‍തിരിക്കാനും സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കിക്കൊണ്ട് തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. അതിന്റെ ചുവടുപിടിച്ചുകൊണ്ട് കേരളത്തിലും സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം നടത്താന്‍ എല്ലാ യുഡിഎഫ് സര്‍ക്കാരുകളും തുനിഞ്ഞ് ഇറങ്ങിയിട്ടുമുണ്ട്. അതിനെ ചെറുത്തു തോല്‍പ്പിച്ചത് എല്‍ഡിഎഫാണ്. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം നടത്തിയാണ് കേരളത്തില്‍ കരിമണല്‍ ഖനനത്തിനുള്ള അനുമതി പൊതുമേഖലയ്ക്ക് മാത്രമായി നല്‍കിയത്.
കോണ്‍ഗ്രസിന്റെ ചുവടുപിടിച്ച് ബിജെപി സര്‍ക്കാരും സ്വകാര്യമേഖലയില്‍ ഖനനാനുമതി നല്‍കാനുള്ള നിയമഭേദഗതിയുമായി രംഗത്തു വന്നു. അതിനെയും എല്‍ഡിഎഫ് സര്‍ക്കാരാണ് ചെറുത്തുതോല്‍പ്പിച്ചത്.
എക്‌സാലോജികും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാറും ആ സേവനങ്ങള്‍ക്കു കൈമാറിയ പ്രതിഫലവും എല്‍ഡിഎഫിന്റെയോ പിണറായി സര്‍ക്കാരിന്റെയോ കരിമണല്‍ ഖനന നയത്തെ സ്വാധീനിച്ചിട്ടില്ല. അങ്ങനെയൊരു ആക്ഷേപവും നാളിതുവരെ ഉന്നയിക്കാനോ തെളിയിക്കാനോ മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടുമില്ല. പിന്നെന്തു കണ്ടിട്ടാണ് ഈ കോലാഹലം?
യാതൊരു അടിസ്ഥാനവും വസ്തുതയുമില്ലാത്ത മുന്‍കാല വിവാദങ്ങളുടെ ഗതി തന്നെയാവും ഇതിനും ഉണ്ടാവുക. ഒരേകേന്ദ്രത്തില്‍ നിന്ന് ഒരേതരം കഥകള്‍ മെനഞ്ഞ്, അത് കൂട്ടായി പാടി നടന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എത്രയോ തവണ ശ്രമം നടന്നതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് ഈ വിവാദവും.