കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പതിവ് നുണവാർത്തകളുമായി മലയാള മനോരമ. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ പി ഒ സതിയമ്മയെ ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലതുപറഞ്ഞതിന് പുറത്താക്കിയെന്നാണ് മനോരമ ഇന്ന് എഴുതിവിട്ടത്. എന്നാൽ സതിയമ്മ താൽക്കാലിക ജീവനക്കാരി മാത്രമാണെന്നും ജൂലായ് മുതൽ ഐശ്വര്യ കുടുംബശ്രീയിലെ ലിജിമോൾ കെ സിയാണ് ഈ ജോലി ചെയ്തുവരുന്നതെന്ന രേഖകൾ സഹിതം പുറത്തുവന്നതോടു കൂടി മനോരമയുടെ കള്ളം മണിക്കൂറുകൾക്കകം പൊളിഞ്ഞു. ജൂലൈ 18 നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം. അതിന് മുൻപുതന്നെ ഈ തസ്തികയിൽ ലിജിമോളാണ് ജോലിചെയ്യുന്നതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തെ തുടർന്നാണ് സതിയമ്മയെ പിരിച്ചുവിട്ടതെന്നാണ് മനോരമയും മാതൃഭൂമിയും വാർത്തനൽകിയത്. ഉമ്മൻ ചാണ്ടി ചെയ്തുതന്ന ഉപകാരത്തേക്കുറിച്ചും ചാണ്ടി ഉമ്മന് വോട്ടുചെയ്യുമെന്നും മാധ്യമങ്ങൾക്ക് മുൻപിൽ സതിയമ്മ പറഞ്ഞിരുന്നു. ഇതാണ് പിരിച്ചുവിട്ടതിന് കാരണം എന്നാണ് ആരോപണം. എന്നാൽ ജൂലൈ ഒന്നാം തീയതി മുതൽ സതിയമ്മയല്ല ഈ ജോലി ചെയ്യുന്നത്. ലിജിമോൾ കെ സിയാണ്. ലിജിമോൾക്ക് ജൂലായ് മാസത്തെ വേതനം നൽകിക്കൊണ്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.