കോട്ടയം ജില്ലയിലെ കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് പ്രസിഡന്റായിരിക്കുന്നു. യുഡിഎഫ് പിന്തുണയോടെ ബിജെപി അംഗം വൈസ് പ്രസിഡന്റുമായി. ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്ന, വെറുപ്പിൻ്റെ കടതുറക്കാൻ അനുവദിക്കാത്ത കേരളത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ബിജെപിയുമായി മടിയേതുമില്ലാതെ കൈകോർത്തത്. വളരെ ആസൂത്രിതമായാണ് കിടങ്ങൂരിലെ ഈ സഖ്യം രൂപംകൊണ്ടിട്ടുള്ളത്. അതിൻ്റെ പ്രധാന ലക്ഷ്യം ആർഎസ്എസ്‐ ബിജെപി രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന സിപിഐ എമ്മിന് പഞ്ചായത്ത് പ്രസിഡന്റ് പദവി നിഷേധിക്കാനാണ്. എൽഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വർഷക്കാലം കേരള കോൺഗ്രസ് (മാണി)വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം. കാലാവധി കഴിഞ്ഞപ്പോൾ അവർ രാജിവയ്ക്കുകയും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അവസരമൊരുങ്ങുകയും ചെയ്തു.
ഈ ഘട്ടത്തിലാണ് സിപിഐ എം അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ കോൺഗ്രസും യുഡിഎഫും പിന്നാമ്പുറത്ത് കരുക്കൾ നീക്കിയത്. അതിൻ്റെ ഭാഗമായാണ് യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകാതിരിക്കാനുള്ള തീരുമാനം. ബിജെപിയുമായി സഖ്യം പാടില്ലെന്ന് വിപ്പ് നൽകിയിരുന്നെങ്കിൽ യുഡിഎഫ് –-ബിജെപി സഖ്യം സാധ്യമാകുമായിരുന്നില്ല. കാരണം വിപ്പ് നൽകിയാൽ കൂറുമാറ്റ നിയമപ്രകാരം ബിജെപിയുമായി സഹകരിച്ച യുഡിഎഫ് അംഗങ്ങൾക്ക് അംഗത്വം നഷ്ടപ്പെടുമായിരുന്നു. അതൊഴിവാക്കാനാണ് വിപ്പ് നൽകാതിരുന്നത്. ഇതൊക്കെ തെളിയിക്കുന്നത് ആലോചിച്ചുറപ്പിച്ച് എടുത്ത തീരുമാനമാണ് ബിജെപിയുമായുള്ള ബന്ധമെന്നാണ്.
രാഹുൽ ഗാന്ധി ബിജെപിക്കും മോദിക്കുമെതിരെ നിലപാട് കടുപ്പിക്കുകയാണെന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം അവകാശപ്പെടുമ്പോഴാണ് കിടങ്ങൂരിൽ ബിജെപിയുമായി അധികാരം പങ്കുവയ്ക്കാൻ തയ്യാറായിട്ടുള്ളത്. ഇതിൽ ഒരു വേവലാതിയും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഇല്ലതാനും. ഈ സഖ്യത്തെ തള്ളിപ്പറയാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ തയ്യാറായിട്ടില്ല. ആർഎസ്എസ് ശാഖ സുഗമമായി നടത്താൻ കോൺഗ്രസ് പ്രവർത്തകരെ അയച്ചുകൊടുത്ത, ആർഎസ്എസ് ബന്ധത്തെ ന്യായീകരിക്കാൻ നെഹ്റുവിനെപ്പോലും കാവിയണിയിക്കാൻ മടികാണിക്കാത്തയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. ‘വിചാരധാര’യിലൂടെ ആർഎസ്എസിൻ്റെ പ്രത്യയശാസ്ത്ര പദ്ധതി മുന്നോട്ടുവച്ച ഗോൾവാൾക്കറെ ആരാധിക്കാൻ മടിയില്ലാത്തയാളാണ് പ്രതിപക്ഷനേതാവ്. ഇവർ കോൺഗ്രസിന് നേതൃത്വം നൽകുമ്പോൾ ‘കിടങ്ങൂർ’ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പട്ടാമ്പിയിലും വടകരയിലും ബേപ്പൂരിനും പിറകെയാണ് കിടങ്ങൂരും അവിശുദ്ധസഖ്യം വാർത്തകൾ സൃഷ്ടിക്കുന്നത്.
കോൺഗ്രസ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് കിടങ്ങൂർ ഒരത്ഭുതവും സൃഷ്ടിക്കാനിടയില്ല. നേരത്തേയുള്ള മൃദുഹിന്ദുത്വ സമീപനത്തിൽനിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് അടിവച്ചുനീങ്ങുന്ന കോൺഗ്രസിനെയാണ് പലയിടത്തും കാണുന്നത്. പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മധ്യപ്രദേശിൽ. മധ്യപ്രദേശ് ക ൺഗ്രസ് കമ്മിറ്റി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമൊക്കെയായ കമൽനാഥാണ് കോൺഗ്രസിനെ തീവ്രഹിന്ദുത്വത്തിലേക്ക് നയിക്കുന്നത്. ‘ഹിന്ദുവിരുദ്ധ പാർടിയാണ് കോൺഗ്രസ്’ എന്ന ബിജെപിയുടെ പ്രചാരണം മറികടക്കാനാണ് കമൽനാഥ് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ വാരിപ്പുണരുന്നത്. ഉത്തരേന്ത്യയിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുവേണ്ടി വാദിക്കുന്ന ആൾദൈവമാണ് മധ്യപ്രദേശിലെ ഛത്രപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാഗേശ്വർധാമിലെ ധീരേന്ദ്ര ശാസ്ത്രി. ലവ് ജിഹാദ്, ഘർ വാപസി, അയോധ്യ, ബുൾഡോസർ രാജ് തുടങ്ങി സംഘപരിവാറിൻ്റെ എല്ലാ അജൻഡകൾക്കുവേണ്ടിയും വാദിക്കുന്ന, സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ധീരേന്ദ്ര ശാസ്ത്രിയെ സ്വന്തം സ്ഥലമായ ചിന്ദ്വാഡയിൽ കൊണ്ടുപോയി മൂന്നു ദിവസം താമസിപ്പിച്ച് ഹനുമാൻ കഥാവചനം നടത്തിയിരിക്കുകയാണ് കമൽനാഥ്. ഭരണഘടന പൊളിച്ചെഴുതി രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും എല്ലാ ഹിന്ദുകുടുംബങ്ങളും ഒരു മകനെ ആർഎസ്എസിനും മറ്റൊരു മകനെ ബജ്റംഗദളിനും നൽകണമെന്നും (പെൺമക്കളെ വേണ്ട) ആഹ്വാനം ചെയ്യുന്ന തീവ്രഹിന്ദുത്വവാദിയാണ് ധീരേന്ദ്ര ശാസ്ത്രി. പ്രത്യേകമായി ചാർട്ടർ ചെയ്ത വിമാനത്തിലാണ് ധീരേന്ദ്ര ശാസ്ത്രിയെ ചിന്ദ്വാഡയിൽ എത്തിച്ചത്. കമൽനാഥിൻ്റെ മകനും ചിന്ദ്വാഡയിൽനിന്നുള്ള ലോക്സഭാംഗവുമായ (കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 28 സീറ്റിൽ കോൺഗ്രസ് നേടിയ ഏക സീറ്റാണ് ചിന്ദ്വാഡ) നകുൽനാഥാണ് ഹനുമാൻ കഥാവചന പരിപാടിയുടെ പ്രധാന സംഘാടകൻ. ഈമാസം അഞ്ചുമുതൽ ഏഴുവരെയായിരുന്നു പരിപാടി. ഇതിൽ രണ്ടാം ദിവസം കമൽനാഥിന്റെയും നകുൽനാഥിന്റെയും സാന്നിധ്യത്തിൽ ധീരേന്ദ്ര ശാസ്ത്രി ‘ജയ് ഹിന്ദുരാഷ്ട്ര്’ എന്ന മുദ്രാവാക്യം ഉയർത്തി. സദസ്സിലുള്ളവർ അത് ഏറ്റുവിളിക്കുകയുംചെയ്തു. കമൽ നാഥോ മകനോ അതിൽ ഒരു അസ്വസ്ഥതയും തോന്നിയില്ല. കമൽനാഥിൻ്റെ അനുയായികൾ ഇതിനെ ന്യായീകരിക്കുന്നത് ‘പ്രായോഗികമായ’ നടപടിയാണ് ഇതെന്നാണ്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നുവെന്ന ബിജെപി ആരോപണത്തിൽനിന്നും കോൺഗ്രസിനെ രക്ഷിക്കാനുള്ള മാർഗമാണ് ഇതെന്നും അവർ വിശദീകരിക്കുന്നു.
കോൺഗ്രസ് ന്യൂനപക്ഷത്തിനൊപ്പമാണെന്ന പ്രതിച്ഛായയാണ് പാർടിയുടെ തോൽവിക്ക് കാരണമെന്ന എ കെ ആന്റണി സമിതിയുടെ റിപ്പോർട്ടും കമൽനാഥിനെ ഹിന്ദുരാഷ്ട്രവാദത്തോട് അടുപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകണം. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്ന പണ്ഡിത് പ്രദീപ് മിശ്രയെയും നേരത്തേ ചിന്ദ് വാഡയിലേക്ക് കമൽനാഥ് ക്ഷണിച്ചിരുന്നു. സ്വാഭാവികമായും കമൽനാഥിൻ്റെ ഈ തീവ്രഹിന്ദുത്വവാദം മധ്യപ്രദേശിൽ ചർച്ചയായി. ജാബുവയിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകർ ധീരേന്ദ്ര ശാസ്ത്രി ഹിന്ദുരാഷ്ട്രത്തിനുവേണ്ടി പരസ്യമായി വാദിക്കുന്നയാളല്ലേ എന്നു ചോദിച്ചപ്പോൾ കമൽനാഥ് നൽകിയ ഉത്തരം ഇതായിരുന്നു.‘രാജ്യത്തെ 82 ശതമാനം ജനങ്ങളും ഹിന്ദുക്കളാകുമ്പോൾ ആ രാജ്യത്തെ എന്തുവിളിക്കണം’ എന്ന്. അതായത് ഇന്ത്യ ഹിന്ദുരാഷ്ട്രമാണ് എന്നതിന് കമൽനാഥിന് സംശയമൊന്നുമില്ല. 2020 ആഗസ്ത് ആറിന് അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നവേളയിൽ ഭോപാലിലെ വീട്ടിൽ കമൽനാഥ് പറഞ്ഞത് ആർഎസ്എസിൻ്റെ രാഷ്ട്രീയംതന്നെയായിരുന്നു. ‘ഇന്ന് ചരിത്രദിവസമാണ്. ശ്രീരാമക്ഷേത്ര നിർമാണം ആരംഭിക്കുന്ന ദിവസം. ഓരോ ഇന്ത്യക്കാരൻ്റെയും ആഗ്രഹമായിരുന്നു ഇത്. കുറെ വർഷത്തിനുമുമ്പ് 1985ൽ രാജീവ് ഗാന്ധിയാണ് ബാബ്റി മസ്ജിദിൽ ഹിന്ദുക്കൾക്കും ആരാധന അനുവദിച്ചത്’.
നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ ധീരേന്ദ്ര ശാസ്ത്രി കോൺഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങാതിരിക്കാനാണ് കമൽനാഥും മകനും ശാസ്ത്രിയെ കൂടെനിർത്തുന്നതെന്ന ആഖ്യാനവും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നുണ്ട്. ചിന്ദ്വാഡയിലെ സുമാരിയ ഗ്രാമത്തിൽ 101 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചതും ഹിന്ദുവോട്ട് നേടാനുള്ള കമൽനാഥിന്റെ പരിപാടിയിൽപ്പെടും. ഒന്നരവർഷം മുഖ്യമന്ത്രിയായവേളയിൽ ചില സ്വാമിമാർക്ക് കാബിനറ്റ് പദവി നൽകുകയെന്ന വിചിത്രരീതിയും കമൽനാഥ് അവലംബിക്കുകയുണ്ടായി. കർണാടകത്തിൽ അധികാരം ലഭിച്ചാൽ ബജ്റംഗദളിനെ നിരോധിക്കുമെന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാൽ, അധികാരം ലഭിച്ചാലും മധ്യപ്രദേശിൽ ബജ്റംഗദളിനെ നിരോധിക്കില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് പറയുന്നത്. പല നല്ല ആളുകളും ബജ്റംഗദളിൽ ഉണ്ടെന്നാണ് ദിഗ്വിജയ് സിങ്ങിൻ്റെ അഭിപ്രായം. ബിട്ടു ബജ്രംഗിയും മോനു മനേസറും അതിൽപ്പെടുമോ എന്നറിയില്ല. ഏതായാലും രാജസ്ഥാനിലെ രണ്ട് മുസ്ലിങ്ങളെ തീയിട്ടുകൊന്ന കേസിൽ കുറ്റാരോപിതനായ മോനു മനേസറെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പൊലീസ് ഇതുവരെയും അറസ്റ്റുചെയ്തിട്ടില്ല.
ഹിന്ദുവിരുദ്ധ പ്രതിച്ഛായ കഴുകിക്കളയാനായി എന്നും കോൺഗ്രസിനെ പിന്തുണയ്ക്കുകയും വോട്ട് ചെയ്യുകയും ചെയ്ത ഏഴു ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെ കോൺഗ്രസ് അവഗണിക്കുകയാണെന്ന് ‘24 അക്ബർ റോഡ്’ എന്ന കോൺഗ്രസിൻ്റെ ലഘുചരിത്ര പുസ്തകം എഴുതിയ മാധ്യമപ്രവർത്തകൻ റഷീദ് കിദ്വായി വിലയിരുത്തി. കോൺഗ്രസിന്റെ ഹിന്ദുത്വവൽക്കരണം മുസ്ലിങ്ങളെ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിലേക്ക് അടുപ്പിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ബിജെപിയെ തോൽപ്പിക്കാൻ സ്വയം ബിജെപിയാകുന്ന മാരകരോഗമാണ് കോൺഗ്രസിനെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ജ്യോതിരാദിത്യ സിന്ധ്യക്കും ടോം വടക്കനും അനിൽ ആന്റണിക്കും ഒരുമടിയുമില്ലാതെ ബിജെപിയിലേക്ക് ചേക്കേറാൻ കഴിയുന്നത്. ബിജെപിയെ പ്രത്യയശാസ്ത്രപരമായി എതിരിടാൻ ശ്രമിക്കുന്നതിനുപകരം അവരുടെ പ്രത്യയശാസ്ത്രം സ്വീകരിച്ച് എതിരിടാൻ ശ്രമിക്കുന്ന ‘കമൽനാഥ് സിദ്ധാന്തം’ അന്തിമമായി കോൺഗ്രസിനെ കാവിയണിക്കുന്നകാലം വിദൂരമല്ല. അതിനാൽ കിടങ്ങൂരുകൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.