തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഭരണാധികാരികളെ ഒരുമിച്ചുകാണാനുള്ള പൊതുതീരുമാനത്തിനെതിരെ നിന്ന് യുഡിഎഫ് എംപിമാർ കേരളത്തെ വഞ്ചിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് കേരളത്തോട് കാട്ടിയ അങ്ങേയറ്റത്തെ അവഹേളനമാണ്. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുകയാണ് യുഡിഎഫ് പാർലമെന്റ് അംഗങ്ങൾ. സംസ്ഥാനത്തിന് കിട്ടേണ്ട സാമ്പത്തിക വിഹിതം ഉറപ്പു വരുത്താൻ എംപിമാർക്കും ബാധ്യതയുണ്ട്. ഇതിനായുള്ള ശ്രമങ്ങളെ തകിടംമറിക്കുന്ന യുഡിഎഫ് എംപിമാർ ജനങ്ങളെ വഞ്ചിച്ചു.
ഇതിന് യുഡിഎഫ് നേതൃത്വം മറുപടി പറയണം. ഇത് യുഡിഎഫ് നയമാണോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ രാഹുൽ ഗാന്ധിയും കേരളത്തിൽനിന്നുള്ള എംപിയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിനും ബാധ്യതയുണ്ട്. മറുപടി പറയാൻ രാഹുൽ ഗാന്ധിയും ബാധ്യസ്ഥനാണ്. നാടിൻ്റെ നന്മയ്ക്കായുള്ള പൊതുതീരുമാനത്തിനെതിരെനിന്ന ഈ പാർലമെന്റ് അംഗങ്ങളെക്കുറിച്ച് ജനങ്ങൾ വിലയിരുത്തും.
ഈ വർഷം സംസ്ഥാന വരുമാനത്തിൽ കേന്ദ്ര ഇടപെടൽമൂലം ഫലത്തിൽ 40,000 കോടി രൂപയുടെ കുറവുണ്ടാകും. റവന്യു കമ്മി ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവുമുൾപ്പെടെ ഇല്ലാതാകുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ഭരണാധികാരികളെ നേരിൽകണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ എംപിമാരുടെ യോഗമാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ ആദ്യ അജണ്ട കേന്ദ്രത്തിന്റ സാമ്പത്തിക നടപടികളായിരുന്നു. സംസാരിച്ചവരെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന താൽപര്യസംരക്ഷണത്തിന് എന്തുസഹായവും സർക്കാരും വാഗ്ദാനംചെയ്തു. കേന്ദ്ര ധനമന്ത്രിയെ കാണാനോ, അവർക്ക് സമർപ്പിച്ച സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രശ്നങ്ങൾമാത്രം ചുണ്ടിക്കാട്ടിയ നിവേദനത്തിൽ ഒപ്പിടാനോ യുഡിഎഫ് എംപിമാർ തയ്യാറായില്ല. അവർ ബിജെപിയുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട പണം ഉറപ്പാക്കാൻ പ്രവർത്തിക്കേണ്ടതിനു പകരം സംസ്ഥാനത്തിനെതിരായി സംസാരിക്കാൻ പാർലമെന്റിനെ വേദിയാക്കുകയാണ്.
കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട പണം വലിയതോതിൽ വെട്ടിക്കുറയ്ക്കുന്നു. 2020–-21ൽ കേരളത്തിൻ്റെ കടം ഒഴിച്ചുള്ള മൊത്തം റവന്യു വരുമാനത്തിൽ സംസ്ഥാന വിഹിതം 56.3 ശതമാനമായിരുന്നു. 2021–22ൽ 59 ശതമാനമായി. കഴിഞ്ഞവർഷം 65.6 ശതമാനമായി. ഈവർഷം 71 ശതമാനമാണ്. മൊത്ത വരുമാനത്തിൻ്റെ മുന്നിലൊന്നിൽതാഴയാണ് കേന്ദ്ര വിഹിതമായി എത്തുന്നത്. ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കെല്ലാം മൊത്ത വരുമാനത്തിൻ്റെ അമ്പതിൽ കൂടുതൽഭാഗം കേന്ദ്രമാണ് നൽകുന്നതാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് എഴുപത് ശതമാനത്തിനുമുകളിൽ കേന്ദ്ര വിഹിതം ലഭിക്കുന്നു. സംസ്ഥാനങ്ങളിൽ ഇത്രയേറെ ദുരിതം പേറേണ്ടിവരുന്നത് കേരളത്തിനുമാത്രമാണ്.
കേരളത്തിലെ കുട്ടികളുടെ ഭാവിയെയും ബാധിക്കുന്ന സാമ്പത്തിക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഒരോവർഷം ലഭിക്കേണ്ടതിൽ 30,000 കോടി രുപവരെയാണ് കുറയുന്നത്. അഞ്ചുവർഷത്തിലെ നഷ്ടം ഒന്നരലക്ഷം കോടി കവിയും. ഇത് ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലയെയും തകർക്കും. നാളത്തെ നാടിനായുള്ള ഒരുക്കളെയും അവതാളത്തിലാക്കും. ധനഉത്തരവാദ നിയമം അനുസരിച്ച് മുന്നുശതമാനം കടമെടുക്കാൻ സംസ്ഥാനത്തിന് അർഹതയുണ്ട്.
അക്കൗണ്ടന്റ് ജനറലിൻ്റെ കഴിഞ്ഞവർഷത്തെ കണക്കിൽ സംസ്ഥാനത്തിന്റെ ധന കമ്മി 2.2 ശതമാനമാണ്. ഏതാണ്ട് 8000 കോടിയെങ്കിലും കേന്ദ്ര നിഷേധംമുലം കടമെടുക്കാനായില്ല. ജനങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ആശ്വാസ നടപടികളും നിർത്തിയ്ക്കാനും, എല്ലാം അടച്ചുപൂട്ടിക്കാനുമുള്ള കേന്ദ്രം ശ്രമത്തിൻ്റെ ഭാഗമാണീ സാമ്പത്തിക ഉപരോധമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.