കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ എംഎല്‍എയ്ക്ക് ഭൂമിയും ആഡംബര റിസോര്‍ട്ടും.
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമായി വന്‍ തുക വെട്ടിച്ചതിനു പുറമെ
ബിനാമി തട്ടിപ്പിന്റെയും നികുതി വെട്ടിപ്പിന്റെയും വിവരങ്ങള്‍ പുറത്തു വന്നു. ആറ് കോടി രൂപയുടെ സ്വത്താണ് കുഴല്‍ നാടന്‍ കൈക്കലാക്കിയത്. മൂന്നാര്‍ ദേവികുളം വില്ലേജില്‍ ചിന്നക്കനാലിലാണ് ഭൂമിയും ആഡംബര റിസോര്‍ട്ടും.
3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് കുഴല്‍നാടന്റെയും കൂട്ടു കക്ഷികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്കുമാത്രമായി 15,40,800- രൂപ മുദ്രവില ചുമത്തി രജിസ്ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാര്‍ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമായി വന്‍തുകയും തട്ടിച്ചു.
വസ്തുവിനും വന്‍ കെട്ടിടത്തിനുമായി ആറുകോടിയോളം രൂപയുടെ വിപണി മൂല്യമുണ്ട്. കൊല്ലം ശക്തികുളങ്ങര കാവനാട് മീനത്തുചേരി കപ്പിത്താന്‍സ് മാനറില്‍ ജന്നിഫര്‍ അല്‍ഫോന്‍സില്‍നിന്ന് മാത്യു കുഴല്നാടന്, പത്തനംതിട്ട അങ്ങാടി കാവുങ്കല്‍ വീട്ടില്‍ ടോം സാബു, ടോണി സാബു എന്നിവരുടെ പേരിലാണ് ആധാരം. മൂവാറ്റുപുഴ എംഎല്‍എയും കെപിസിസി അംഗവുമാണ് മാത്യു കുഴല്നാടന്.
2021 മാര്‍ച്ച് 18നാണ് 561/21 നമ്പര്‍ ആധാരം രജിസ്റ്റര്‍ ചെയ്തത്. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമീഷനു നല്കിയ സത്യവാങ്മൂലത്തില്‍ കുഴല്നാടന് വ്യക്തമാക്കുന്നുണ്ട്. യഥാര്‍ഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കെട്ടിടമുള്ള കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷന് നടത്തിയത്. അനധികൃതമായി നിര്‍മിച്ച കെട്ടിടം ആധാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രജിസ്ട്രേഷന് തടസ്സമാകുമെന്നു കണ്ട് മറച്ചുവെച്ചു. ഇതുവഴി അറുപത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് കണക്കാക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തട്ടിപ്പില്‍ പങ്കാളികളാക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. 1,92,60,000 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക്, തൊട്ടടുത്ത ദിവസം മൂന്നരക്കോടി വിലയുണ്ട് എന്നുകാട്ടി സത്യവാങ്മൂലം നല്കുകവഴി തെരഞ്ഞെടുപ്പ് കമീഷനെയും തെറ്റിദ്ധരിപ്പിച്ചു.