കോട്ടയം: പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സഖ്യവുമായി കോൺഗ്രസ്. കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിൻ്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ബോബി മാത്യുവും സിപിഎമ്മിലെ ഹേമ രാജുവും രാജിവച്ചിരുന്നു. ആദ്യ രണ്ടര വർഷം കേരള കോൺഗ്രസ് മാണി വിഭാഗത്തിനും തുടർന്നുള്ള രണ്ടര വർഷം സിപിഎമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ഈ ധാരണ പ്രകാരം ഇരുവരും രാജി വച്ചതിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കൻ ബിജെപി പിന്തുണയോടെ പ്രസിഡന്റായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും.