തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ച് 2 മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ അപകട മരണങ്ങളില്‍ ഗണ്യമായ കുറവ്. 2022 ജൂലൈ മാസത്തില്‍ 3316 റോഡ് അപകടങ്ങളില്‍ 313 പേര് മരിക്കുകയും 3992 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ 2023 ജൂലൈയില്‍ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേര് മരിക്കുകയും 1329 പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. റോഡ് അപകടങ്ങളില്‍ പരിക്കു പറ്റിയവര്‍ ആശുപത്രികളിലുള്ളതിനാല്‍ മരണത്തിന്റെ എണ്ണത്തില്‍ ഇനിയും വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ആന്റണി രാജു ഫേസ്ബുക്കില്‍ കുറിച്ചു. എഐ ക്യാമറ സ്ഥാപിച്ചതില്‍ അടിമുടി അഴിമതിയാണ്, തങ്ങളുടെ കൈയില്‍ രേഖയുണ്ടെന്ന് മാത്രം പറഞ്ഞ് പൊലിപ്പിച്ച് നടന്ന പ്രതിപക്ഷം കൂടി അറിയേണ്ട കണക്കുകള്‍ കൂടിയാണിത്.
ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളില്‍ തന്നെ നിരവധി വിലപ്പെട്ട ജീവന് രക്ഷിക്കുവാന്‍ സാധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും382580 എണ്ണം ചെല്ലാനുകള്‍ തയ്യാറാക്കുകയും 323604 എണ്ണം തപാലില്‍ അയക്കുകയും ചെയ്തു.
കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യുന്നത് വേഗത്തില്‍ ആക്കിയതിനാലും കൂടുതല്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് മള്‍ട്ടി ലോഗിന്‍ സൗകര്യം അനുവദിച്ചതിനാലും കഴിഞ്ഞ മാസത്തിലേക്കാള്‍ വളരെ കൂടുതല്‍ നിയമ ലംഘനങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ സാധിച്ചു.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍, 221251. സഹയാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 150606. കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്-186673, കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 170043, മൊബൈല്‍ ഫോണ്‍ ഉപയോഗം 6118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡ് 5886 തുടങ്ങിയവയാണ് ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ നിയമലംഘനങ്ങള്‍. 25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാന്‍ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂ.
പ്രതിവര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 1994 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന് യാത്രക്കാര്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.