കണ്ണൂർ: സ്പീക്കർ എ എൻ ഷംസീറിനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും എതിരെ കൊലവിളിയുമായി
ആർഎസ്എസ് പ്രകടനം. ‘ഞങ്ങളൊന്ന് വിരിച്ചടിച്ചാൽ മോർച്ചറിയൊന്നും തികയില്ല. ഹിന്ദുക്കളുടെ നേരെ വന്നാൽ കയ്യും കൊത്തും തലയും കൊത്തും ഒറ്റകെെയ്യാ ജയരാജാ ഓർത്തുകളിച്ചോ സുക്ഷിച്ചോ ’ എന്നു തുടങ്ങി വളരെ പ്രകോപനവും ഭീഷണിപ്പെടുത്തുന്നതുമായ കൊലവിളി മുദ്രാവാക്യങ്ങളാണ് ആർഎസ്എസുകാർ ഉയർത്തിയത്. തലശേരി പള്ളൂരിൽ വ്യാഴാഴ്ച രാത്രിയായിരുന്നു കൊലവിളി.
‘മോർച്ചറിയൊന്ന് ഒരുക്കുന്നുണ്ട് നിനക്കുവേണ്ടി ജയരാജാ.. ഓർത്തു കളിച്ചോ ഷംസീറേ.. ഹിന്ദുക്കളുടെ നേരെവന്നാൽ കെെയ്യും കൊത്തി തലയും കൊത്തി കാളീപൂജ നടത്തും ഞങ്ങൾ ’ തുടങ്ങി കൊലവിളി ഏറെ നേരം തുടർന്നു. പി ജയരാജനെതിരെയുണ്ടായ തിരുവോണനാളിലെ അക്രമവും കൈ വെട്ടിയെടുത്തതും ഓർമിപ്പിച്ചുള്ള മുദ്രാവാക്യത്തിൽ ഞങ്ങൾ തിരിച്ചടിച്ചാൽ കേരളത്തിലെ മോർച്ചറിയൊന്നും തികയില്ലെന്നും വെല്ലുവിളിയുണ്ട്.
പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതി കരീക്കുന്നുമ്മൽ സുനി, ബിജെപി മണ്ഡലം പ്രസിഡന്റ് അങ്കാളപ്പിൽ ദിനേശൻ, ചാലക്കരയിലെ ഷിനോജ്, പന്തക്കലിലെ കുന്നുമ്മൽ മഹേഷ്, അവറോത്ത് പാലത്തിനടുത്ത സച്ചു, പൂശാരികോവിലിനടുത്ത ശ്രീജിൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരാണ് കൊലവിളി മുഴക്കിയത്.
സ്പീക്കറുടെ ക്യാമ്പ് ഓഫീസിലേക്ക് ചൊവ്വാഴ്ച നടന്ന മാർച്ചിൽ എ എൻ ഷംസീറിന്റെ കൈവെട്ടുമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഭീഷണിമുഴക്കിയിരുന്നു. എൽഡിഎഫ് ജനകീയകൂട്ടായ്മയിൽ ഇതിന് ശക്തമായ ഭാഷയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ മറുപടി പറഞ്ഞു. ഇതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഭീഷണിയുമായെത്തി. ഇതിന്റെ തുടർച്ചയായിരുന്നു പള്ളൂരിലെ കൊലവിളിപ്രകടനം.