മണിപ്പുരിൽ കലാപം ആരംഭിച്ച് 79–-ാം ദിവസംമാത്രം പ്രതികരിച്ച പ്രധാനമന്ത്രി, കലാപത്തെ ലളിതവൽക്കരിക്കാനാണ് ശ്രമിച്ചതെന്ന് സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിൻ്റെ രൂക്ഷ വിമർശനം. ‘വിവസ്ത്രം, വികൃതം, ഭാരതം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ നിലപാടിനെ തുറന്നുകാട്ടുന്നത്. രാഷ്ട്രപതിയുടെ മൗനം പേടിപ്പെടുത്തുന്നതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഹിന്ദുത്വ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന് ആയുധം നൽകി ആസൂത്രിതമായി ആരംഭിച്ച വംശീയ ഉന്മൂലനം 79 ദിവസം പൂർത്തിയായപ്പോഴാണ് പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. മാനഭംഗത്തിനിരയായ സ്ത്രീകളോടുള്ള അനുഭാവവും ആ സംഭവത്തിലുള്ള നടുക്കവും ദുഃഖവുംമാത്രമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും അതിക്രമങ്ങൾക്കൊപ്പം മണിപ്പുരിലേതും ചേർത്തുവച്ച് വംശീയകലാപത്തെ വല്ലാതെ ലളിതവൽക്കരിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. മെയ് മൂന്നിനു തുടങ്ങിയ മണിപ്പുർ കലാപത്തെക്കുറിച്ച് ഒന്നും പറയാതിരിക്കാനും പ്രധാനമന്ത്രി ശ്രദ്ധിച്ചു.
കുക്കി ക്രിസ്ത്യൻ യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കി വിവസ്ത്രരായി നടത്തിച്ചത് കൗരവസഭയിലെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തെ ഓർമിപ്പിക്കുന്നു. ഇന്ത്യയെന്നല്ല, ഭാരതമെന്നാണ് അറിയപ്പെടേണ്ടതെന്ന് പറയുന്ന ബിജെപി നേതാക്കൾ ഭരിക്കുന്ന നാട്ടിൽത്തന്നെയാണ് ഇത് നടന്നതെന്ന കാര്യം മറക്കരുത്. ഗോത്രവംശജയായ ദ്രൗപദി മുർമു രാഷ്ട്രപതിയായിരിക്കുന്ന കാലത്താണ് ഗോത്രസ്ത്രീകൾക്ക് ഈ ദാരുണാനുഭവം. രാഷ്ട്രപതിസ്ഥാനത്തെ വെറുമൊരു പദവിയായല്ലാതെ, ജനാധിപത്യത്തിൻ്റെ കാവൽച്ചുമതലയായിക്കണ്ട് കയറിയിരുന്നവരുടെ ശ്രേണിയിൽ ഒരു സ്ത്രീയായ മുർമു തുടരുമ്പോൾ മണിപ്പുരിനെക്കുറിച്ചുള്ള അവരുടെ മൗനം പേടിപ്പെടുത്തുന്നതാണെന്നും മുഖപ്രസംഗം പറയുന്നു. 97 വർഷം പിന്നിട്ട സത്യദീപം ഇതാദ്യമായാണ് കവർപേജിൽ മുഖപ്രസംഗം പ്രസിദ്ധീകരിക്കുന്നത്.