മാള: ബിജെപിയുടെ പ്രചാരണ കാര്‍ഡ് പിടിക്കാന്‍ വിസമ്മതിച്ച വഴിയോരക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. പുളിയിലക്കുന്ന് കൂടത്തിങ്കല്‍ നിതിഷ് (31), വടമ വടക്കുംഭാഗം കാത്തോലി വൈശാഖ് (28), കൊമ്പടിഞ്ഞാമാക്കല്‍ കുരിശിങ്കല്‍ ജിന്സണ് എന്നിവരാണ് മാള ടൗണില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന മുഹമ്മദ് ഇല്യാസിനെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിപിഎം പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും മുഹമ്മദ് ഇല്യാസിനോട് ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളടങ്ങുന്ന പോസ്റ്റര്‍ ഉയര്‍ത്തിപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടതും വിസമ്മതിച്ചപ്പോള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
രണ്ടുദിവസം തുടര്‍ച്ചയായി മുഹമ്മദ് ഇല്യാസിനെ ഭീഷണിപ്പെടുത്തിയ ശേഷം വ്യാഴാഴ്ച രാത്രിയാണ് ആക്രമിച്ചത്. ചെവിക്ക് മര്‍ദനമേറ്റതിനാല്‍ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.