കലാപകലുഷിതമായ മണിപ്പൂരില്‍ നിന്ന് ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്. ജേ ജെമ്മിന്റെ വീട് അക്രമികള്‍ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്തു.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ജേ ജെമ്മിന് മറ്റു രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നല്കാന് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. അങ്ങിനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു.
ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്കൂളില്‍ എത്തി നേരില്‍ കണ്ടു. ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജേ ജെം കേരളത്തിന്റെ വളര്‍ത്തുമകളാണ്. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.