തന്റെ ഭാര്യക്ക് കെ റെയിലിൽ ഉന്നത ജോലി നൽകിയെന്ന് ആരോപിച്ച കെ സുധാകരന്റെ സ്ഥിരബുദ്ധിക്ക് തകരാർ സംഭവിച്ചോയെന്ന് സംശയിക്കുന്നതായി ജോൺ ബ്രിട്ടാസ് എം പി. സുധാകരന്റെ ആരോപണം നുണയാണെന്നും, റെയിൽവേ ജീവനക്കാരിയായ ഭാര്യയെ ഡെപ്യൂട്ടേഷനിൽ കെ റെയിലിലേക്ക് അയച്ചത് റെയിൽവേ ആണെന്നും കാലാവധി പൂർത്തിയാക്കി മടങ്ങിയിട്ട് കുറച്ചായെന്നും ബ്രിട്ടാസ് ഫെയിസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫെയിസ് ബുക്ക് കുറിപ്പ്:
“മോൻസൻ മാവുങ്കലിന്റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം ശ്രീ കെ സുധാകരന്റെ സ്ഥിര ബുദ്ധിക്കു തകരാറു സംഭവിച്ചോയെന്ന് ചില കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങിനെ ഒരു ചിന്ത ഇപ്പോൾ ഇല്ലാതില്ല.
എന്റെ ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാർത്ത കണ്ടു. ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം. ഇനിയിപ്പോൾ അദ്ദേഹത്തെ മണ്ടനാക്കാൻ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛർദിക്കുന്നതാണെങ്കിൽ ഇതാണ് വസ്തുത;
എന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അവർ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാണ്. റയിൽവേക്കു പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങിയിട്ടും കുറച്ചായി …. എന്റെ ജീവിതത്തിലേക്ക് അവർ കടന്നു വരുമെന്ന് കവടി നിരത്തി കണ്ടെത്തി, കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി ഉദ്യോഗം സമ്പാദിച്ചു എന്ന് പറയാനും സ്കോപ് ഇല്ല … സിപിഐഎം കേന്ദ്രത്തിൽ ഭരിക്കുകയോ റെയിവേയുടെ ചുമതല നിർവഹിക്കുകയോ ചെയ്തിട്ടില്ല !
കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞാനത് സ്വാഗതം ചെയ്യും . അല്ലാതെ കുടുംബത്തിലുള്ളവരെ,സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ .. ”