സംഘ പരിവാറിനൊപ്പം ഇരട്ടത്താപ്പ് കോൺഗ്രസിനും മാധ്യമങ്ങൾക്കുമുള്ള ശക്തമായ താക്കീതു കൂടിയാണ് ശനിയാഴ്ച കോഴിക്കോട്ടു നിന്നുയർന്നത്. ഏക സിവിൽ കോഡിനെതിരെ സി പി എം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ സംഘപരിവാറിനൊപ്പം ഹാലിളകിത്തുള്ളിയത് കോൺഗ്രസും ചില മാധ്യമങ്ങളുമാണ്. സെമിനാറിൽ പങ്കെടുക്കുന്ന സംഘടനകളെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും നടത്തിയ ഹീന നീക്കങ്ങൾ ദയനീയമായി പരാജയപ്പെട്ടു. സെമിനാർ നടന്നുകൊണ്ടിരിക്കുമ്പോഴും ചാനലുകൾ കുത്തിത്തിരിപ്പ് തുടർന്നു. വിട്ടു നിൽക്കുമെന്ന് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമൊക്കെ പ്രവചനങ്ങൾ നടത്തിയവരെല്ലാം സെമിനാറിൽ പങ്കെടുത്തു. പതിനയ്യായിരം പേർക്ക് ഇരിപ്പിട സൗകര്യമുള്ള സെമിനാർ ഹാൾ നിറഞ്ഞു കവിഞ്ഞ് ജനങ്ങൾ പുറത്തേക്കൊഴുകി. കേരളം മാനവിക ഐക്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാരിന്റെ തീവ്ര ഹിന്ദുത്വ അജണ്ടക്ക് നൽകിയ മുന്നറിയിപ്പായി സെമിനാറിലെ പങ്കാളിത്തം.
കേരളീയരുടെ വിശാലമായ ഐക്യനിര ഏക സിവിൽ കോഡിനെതിരെ പോർമുഖം തുറന്നു. മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ വിളംബരമായി സെമിനാർ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി ജെ പി അജണ്ടക്കെതിരെ ഒന്നിച്ചു നിൽക്കുമെന്ന് സെമിനാർ പ്രഖ്യാപിച്ചു.
ഇടതുപക്ഷ ജനാധിപത്യനിരയിലെ രാഷ്ട്രീയകക്ഷികളും സമുദായ സംഘടനകളും പുരോഹിതരും ന്യൂനപക്ഷ ജനതയുടെ നായകരും ആദിവാസി ഗോത്രസമൂഹത്തിന്റെ പ്രതിനിധികളും ഭരണഘടനാമൂല്യങ്ങൾക്കായി നിലകൊള്ളുന്ന സംഘടനകളും സെമിനാറിൽ പങ്കാളികളായി. കലാ -സാംസ്കാരിക- കായിക മേഖലകളിലെ പ്രമുഖർ പിന്തുണയുമായി എത്തി. മണിപ്പുരിന്റെയും കശ്മീരിന്റെയും അനുഭവങ്ങൾ സെമിനാറിൽ സംസാരിച്ച പലരും ഓർമ്മിപ്പിച്ചു. രാജ്യവ്യാപകമായി ഉയരാൻ പോകുന്ന പ്രതിരോധത്തിന്റെ തുടക്കമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി.
കേരളം അതിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് അനുസൃതമായി പ്രതികരണമുയർത്തുകയാണെന്ന് സെമിനാറിലെ മതപണ്ഡിതരുടെയും വൈദികരുടെയും ആദിവാസി ദളിത് സമൂഹത്തിന്റെയും സാന്നിധ്യം തെളിവായി. രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി ഒളിച്ചു കളിക്കുന്നവരെ സെമിനാർ തുറന്നുകാട്ടി. ബിജെപിയുടെ വർഗീയനീക്കത്തിനെതിരെ സാമുദായിക–-രാഷ്ട്രീയ സംഘടനകൾ ഏകസ്വരമുയർത്തിയ വേദി ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ വിശ്വാസവും പ്രതീക്ഷയും പകർന്നു കോഴിക്കോട് സ്വപ്നനഗരിയിലെ ട്രേഡ് സെന്ററിൽ നടന്ന സെമിനാറിൽ കെ പി രാമനുണ്ണി അധ്യക്ഷനായി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സമസ്ത (ഇ കെ വിഭാഗം) സെക്രട്ടറി മുക്കം ഉമർഫൈസി, സമസ്ത (എ പി വിഭാഗം) നേതാവ് സി മുഹമ്മദ് ഫൈസി, കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി, ഫാ. ജോസഫ് കളരിക്കൽ (താമരശേരി രൂപത), റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്ഐ), കോഴിക്കോട് രൂപത വികാരി ജനറൽ ഫാ. ജൻസൺ മോൺസിലോർ പുത്തൻവീട്ടിൽ, എസ്എൻഡിപി ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സിപിഐ നേതാവ് ഇ കെ വിജയൻ എംഎൽഎ, ജോസ് കെ മാണി എംപി,
എം വി ശ്രേയാംസ്കുമാർ, പ്രൊഫ. എ പി അബ്ദുൾ വഹാബ്, എളമരം കരീം എംപി, പി കെ ശ്രീമതി, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മുൻ എംപി പി കെ ബിജു, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, മേയർ ബീന ഫിലിപ്പ്, ആദിവാസി ക്ഷേമസമിതി പ്രസിഡന്റ് ഒ ആർ കേളു എംഎൽഎ, പട്ടിക ജാതി ക്ഷേമസമിതി പ്രസിഡന്റ് കെ സോമപ്രസാദ് എന്നിവർ സംസാരിച്ചു. പി മോഹനൻ സ്വാഗതം പറഞ്ഞു.