കേരളത്തിലെ കോൺഗ്രസ് നേതൃത്വം അവരുടെ ഉളുപ്പില്ലായ്മ വീണ്ടും പ്രദർശിപ്പിക്കുകയാണ്. അതിവേഗ റെയിൽ പാതക്കെതിരെ സമരത്തിനിറങ്ങുന്ന അതേ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ 2012 ൽ ആവിഷ്കരിച്ചത് 1,18,050 കോടി രൂപ ചെലവ് വരുന്ന അതിവേഗ റയിൽ പാതയാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിനായി സർവകക്ഷി യോഗം വിളിച്ചു ചേർത്തു. സർക്കാർ നേതൃത്വത്തിൽ അതിവേഗ പാതയുടെ വിശദപദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരുമായി ചർച്ചയും നടത്തി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഡിഎംആർസിയാണ് ഡിപിആർ തയ്യാറാക്കിയത്. പദ്ധതിക്ക് ജപ്പാനിൽനിന്ന് വായ്പയെടുക്കാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് അനുവാദവും നൽകിയതാണ്.
തിരുവനന്തപുരം മുതൽ മംഗളൂരുവരെ 560 കിലോമീറ്റർ പാതയാണ് വിഭാവനം ചെയ്തത്. വേഗത മണിക്കൂറിൽ 300 കിലോമീറ്റർ. 1,18,050 കോടിയാണ് ചെലവ് കണ്ടത്. ചെലവിൻ്റെ 80 ശതമാനം ജപ്പാൻ സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 40 വർഷത്തേക്ക് ലഭിക്കുന്ന തുകയ്ക്ക് ആദ്യ 10 വർഷം മൊറട്ടോറിയം ലഭിക്കുമെന്നും ബാക്കി വരുന്ന തുക പ്രവർത്തനലാഭത്തിൽനിന്ന് അടച്ചുതീർക്കാനാകുമെന്നുമാണ് അന്ന് അതിവേഗ റെയിൽ കോർപറേഷൻ ചെയർമാൻ ടി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. അഞ്ചുവർഷംകൊണ്ട് കൊച്ചിവരെയുള്ള പാത പൂർത്തിയാക്കാനും തീരുമാനിച്ചു. കോഴിക്കോടുവരെ പൂർത്തിയാക്കാൻ ആറുവർഷവും മംഗളൂരുവരെ ഏഴുവർഷവുമാണ് സമയ പരിധി നിശ്ചയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് വിവിധ നിർദേശങ്ങളും അന്ന് ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടുവച്ചു. സ്റ്റാൻഡേർഡ് ഗേജാണ് അന്നും ആലോചിച്ചത്. എട്ടു കോച്ചിലായി 817 പേർക്ക് യാത്ര ചെയ്യാമെന്നായിരുന്നു വാദം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് എത്താൻ 142 മിനിറ്റാണ് കണക്കാക്കിയത്.
2012ലെ സർവകക്ഷിയോഗത്തിൽ അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ആസൂത്രണ ബോർഡ് അംഗം സി പി ജോൺ, ബിജെപി നേതാവ് ജെ ആർ പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. സോളാർ അഴിമതി, വിഴിഞ്ഞം പദ്ധതി അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർന്നു വന്നതോടെ യുഡിഎഫ് സർക്കാർ അതിവേഗപ്പാതയുടെ തുടർ നടപടികൾ മന്ദഗതിയിലാവുകയാണുണ്ടായത്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച കോൺഗ്രസിൻ്റെ കപട മുഖമാണ് ഇപ്പോൾ മറ നീക്കുന്നത്.
തെക്കു വടക്ക് ‘വേഗപ്പാത’യെന്ന എൽഡിഎഫ് ആശയ കേരളം ഏറ്റെടുക്കുന്നതാണ് സമീപകാല സംഭവവികാസങ്ങൾ. സെമി ഹൈസ്പീഡ് പദ്ധതിയായ സിൽവർ പദ്ധതിയെ രാഷ്ട്രീയത്തിൻ്റെ പേരിൽ എതിർത്തവരുടെ പിന്മാറ്റവും ശ്രദ്ധേയമാണ്. തിരുവനന്തപുരത്തെയും കാസർകോടിനെയും ബന്ധിപ്പിച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ച വേഗം കൈവരിക്കാത്തതോടെ. ബിജെപി വാദങ്ങൾ പൊളിഞ്ഞു.
കേരളത്തിന് വേഗപ്പാത വേണമെന്ന നിലപാട് ആവർത്തിച്ച് ഇ ശ്രീധരനും രംഗത്തെത്തി. താൻ വിഭാവനം ചെയ്തത് സ്റ്റാൻഡേർഡ് ലൈനാണെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഇക്കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കുറിപ്പിൽ നിർദേശമായി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബ്രോഡ്ഗേജ് തിരക്കേറിയതാണ്. മറ്റു പാതകളുമായി കണക്ട് ചെയ്യേണ്ട ആവശ്യമില്ല.
ഇ ശ്രീധരൻ്റെ നിർദേശങ്ങൾ
● തുരങ്കപ്പാതയും ആകാശപ്പാതയും ചേരുന്ന അർധ അതിവേഗപ്പാത
● ജനസാന്ദ്രതകൂടിയ സ്ഥലങ്ങളിൽ തുരങ്കപ്പാത വേണം. കെട്ടിടം സംരക്ഷിക്കാൻ അതിലൂടെ കഴിയും.
● അർധ അതിവേഗപ്പാത പിന്നീട് വേഗപ്പാതയാക്കാം
● സർവേ നടത്തണം
● രണ്ടുവർഷത്തിനകം ഡിപിആർ തയ്യാറാക്കാൻ കഴിയും. ആറുമുതൽ എട്ടുമാസത്തിനകം റെയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും അനുമതി നേടിയെടുക്കാൻ കഴിയും
● 2026ൽ നിർമാണം തുടങ്ങി ആറുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കാൻ കഴിയും
● ഒരു ലക്ഷം കോടിയാണ് നിർമാണച്ചെലവ്.
അതിൽ 26,000 കോടിവീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കണം.
48,000 കോടി വിദേശവായ്പ എടുക്കാം
● നിർമാണച്ചുമതല റെയിൽവേക്കോ ഡിഎംആർസിക്കോ നൽകണം. 20 വർഷത്തിനകം പദ്ധതി ലാഭത്തിലാകും.