ഏക സിവിൽ കോഡിനെ അനുകൂലിച്ച് 1985ൽ സിപിഎം നിയമസഭയിൽ ചോദ്യങ്ങൾ ഉയർത്തിയെന്ന് മാധ്യമങ്ങളുടെ പെരുംനുണ. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും അനത്തെ മുഖ്യമന്ത്രി കെ കരുണാകരനും ഏക സിവിൽ കോഡിൽ വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുന്നത് തുറന്നുകാട്ടുകയാണ് സിപിഎം ചെയ്തത്. ഇന്നത്തെ പോലെ അന്നും കോൺഗ്രസ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്.
1985 ജൂലൈ ഒമ്പതിനാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നിയമസഭയിൽ വന്നത്. ചോദ്യത്തിന് മറുപടി നൽകേണ്ട കരുണാകരൻ സഭയിൽ വരാതെ സൂത്രത്തിൽ മാറി നിന്നു. എം വി രാഘവൻ്റെയും സി ടി കൃഷ്‌ണൻ്റെയും ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്കു പകരം മറുപടി നൽകിയത് ജലസേചനമന്ത്രിയായിരുന്ന എം പി ഗംഗാധരനാണ്. ഏക സിവിൽ കോഡിനായി ന്യൂനപക്ഷങ്ങളിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡുകളുടെ അഭിപ്രായം അറിയിക്കാൻ കേന്ദ്രത്തിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ, പ്രശ്നത്തിൽ കേരള സർക്കാരിൻ്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കാമോ എന്നിവയായിരുന്നു ചോദ്യങ്ങൾ. ആദ്യത്തേതിന് ‘ഇല്ല’ എന്നും, രണ്ടാമത്തേതിന് ‘പ്രശ്നം സംബന്ധിച്ച് പുതുതായി ഒന്നും ആലോചനയിൽ ഇല്ല’ എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതാണ് ഏക സിവിൽ കോഡിനെ 1985ൽ സിപിഎം അനുകൂലിച്ചെന്ന് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ വളച്ചൊടിക്കുന്നത്.
ഈ മറുപടിയുടെ അടിസ്ഥാനത്തിൽ ഭരണഘടനയിലെ 44 -ാം വകുപ്പ് പ്രായോഗികമാക്കാൻ പൊതു സിവിൽ കോഡ് ഉണ്ടാകേണ്ടതിനെ സംബന്ധിച്ച് സംസ്ഥാന സർക്കാരിൻ്റെ സാംസ്‌കാരികവകുപ്പിൽ സെക്കുലറായ ഉദ്യോഗസ്ഥനെ നിയമിച്ച് പ്രചാരണം സംഘടിപ്പിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന വി ജെ തങ്കപ്പൻ്റെ ഉപചോദ്യത്തിന്, അങ്ങനെയൊരു നിയമനംകൊണ്ടോ, നിയമിക്കാതിരിക്കുന്നതുകൊണ്ടോ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രശ്‌നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും പറഞ്ഞു. ഇതിനെയും ചില മാധ്യമങ്ങൾ സിപിഎമ്മിൻ്റെ നിർദേശം എന്ന മട്ടിൽ ചിത്രീകരിക്കുന്നു.
ഭരണഘടനയിലെ നിർദേശകതത്വങ്ങൾ അടങ്ങിയ 44––ാം വകുപ്പ് എടുത്തുകളയണമെന്ന് സർക്കാരിന് അഭിപ്രായമുണ്ടോ എന്ന എം വി രാഘവൻ്റെ ഉപചോദ്യത്തിന്, ഏതെങ്കിലും വകുപ്പ് എടുത്തുകളയുകയോ മാറ്റം വരുത്തുകയോ ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം പറഞ്ഞതേയില്ല.
ഏക സിവിൽ കോഡ് നിർദേശിക്കുന്ന 44––ാം വകുപ്പ് നീക്കം ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ പ്രഖ്യാപനം ആ ഘട്ടത്തിൽ ഇ കെ നായനാർ ചൂണ്ടിക്കാട്ടി. ഇതിനോട് സംസ്ഥാന സർക്കാർ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് മുഴുവനും യോജിക്കുന്നു’ എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.
ഏക സിവിൽ കോഡ് സംബന്ധിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. സംസ്ഥാനങ്ങളിലാകട്ടെ കോൺഗ്രസിന് പല നിലപാടാണ്. ദിവസങ്ങളോളം ഉരുണ്ടു കളിച്ച് ഒടുവിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി ഇറങ്ങിയത്. കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് ചുണ്ടിക്കാണിക്കുമ്പോഴാകട്ടെ, മറുപടി പറയുന്നതിനു പകരം അഴകൊഴമ്പൻ വർത്തമാനം പറഞ്ഞ് തടിയൂരുകയാണ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ. ഈ വിഷമ വൃത്തത്തിൽ നിന്ന് കോൺഗ്രസ് നേതാക്കളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താനാണ് മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ പെരുങ്കള്ളങ്ങൾ പടച്ചുവിടുന്നത്.