തിരുവനന്തപുരം: തൊഴിലുറപ്പുപദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കി കേരളം വീണ്ടും രാജ്യത്തിന് മാതൃകയായി. 2022–23ൽ 965.67ലക്ഷം തൊഴിൽദിനങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. അംഗീകൃത ലക്ഷ്യത്തിൻ്റെ 100.76 ശതമാനം ലക്ഷ്യം കേരളത്തിന് കൈവരിക്കാനായി. 965.67 ലക്ഷം തൊഴിൽദിനങ്ങളിൽ 867.44 ലക്ഷവും സ്ത്രീകൾക്കാണ് ലഭിച്ചത്. ആകെ തൊഴിൽദിനങ്ങളുടെ 89.82 ശതമാനമാണിത്.
ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്കു മാത്രം വേതനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇങ്ങനെ തൊഴിലുറപ്പുപദ്ധതി വേതനം ആധാർ പേയ്മെന്റ് ബ്രിഡ്ജ് (എപിബി) വഴിയാക്കിയത് വിവിധ സംസ്ഥാനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന് പരിഹാരം കാണാനും കേരളത്തിനായി. സംസ്ഥാനത്തെ ആകെ തൊഴിലാളികളിൽ 94.7 ശതമാനവും ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാക്കി.
2022–-23ൽ 15,51,272കുടുംബങ്ങളാണ് തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തൊഴിൽ ചെയ്തത്. ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്കും തൊഴിൽ ലഭ്യമായി. 4,49,638 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. മൊത്തം തുകയുടെ 81.13ശതമാനവും പ്രകൃതിവിഭവ പരിപാലനത്തിനായാണ് വിനിയോഗിച്ചത്
തൊഴിൽ ദിനങ്ങളുടെ എണ്ണത്തിൻ്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിൽ 62.26 ആണ്. വിഹിതം വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികളിലൂടെ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ അതിജീവിച്ചാണ് കേരളത്തിൻ്റെ മുന്നേറ്റം.