മണിപ്പുർ കത്തിയെരിയുമ്പോൾ കോൺഗ്രസിൻ്റെ കഠിനമായ മൗനം വേദനയുണ്ടാക്കുന്നതെന്ന് കത്തോലിക്കാസഭ ഇരിങ്ങാലക്കുട രൂപതയുടെ മുഖ പത്രമായ കേരള സഭ. ‘മണിപ്പുർ കത്തുമ്പോൾ വീണവായിച്ചവർ’ എന്ന തലക്കെട്ടിൽ ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് രൂക്ഷ വിമർശനം. പ്രധാനമന്ത്രിയുടേയും കോൺഗ്രസിൻ്റെയും മാധ്യമങ്ങളുടേയും മൗനത്തെ മുഖപ്രസംഗം ശക്തമായി വിമർശിക്കുന്നു.
ചില പ്രസ്താവനകൾ നൽകിയതിനപ്പുറം കോൺഗ്രസ് എന്ത് നടപടി സ്വീകരിച്ചു. ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ ക്രൈസ്തവ സഭാനേതൃത്വത്തെ കാണാനും പിന്തുണ തോടാനും ശ്രമിച്ച രാഹുൽഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും മൗനത്തിൻ്റെ അർഥം എന്താണ്. മൃദുഹിന്ദുത്വ സമീപനമോ ക്രൈസ്തവരോടുള്ള അവഗണനയോ.
ഒഡീഷ ട്രെയിൻ അപപകടസ്ഥലത്തും ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശത്തും മണിക്കൂർ ചെലവഴിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മണിപ്പുരിനെ കുറിച്ച് ഒരുവാക്ക് മിണ്ടാൻ സന്മനസ്സുണ്ടായില്ല. ക്രൈസ്തവർ മാത്രമല്ല, വർഗീയ അഗ്നിക്കിരയായത്. രാജ്യത്തിന്റെ ഉദാത്തമായ മതനിരപേക്ഷതയും ജനാധിപത്യവുമാണ്. കേരളത്തിലെ മാധ്യമങ്ങളുടെ കുറ്റകരമായ മൗനത്തിനുപിന്നിൽ പല താൽപ്പര്യങ്ങളുണ്ട്. ജനാധിപത്യത്തിൻ്റെ കാവൽനായ്ക്കളെന്ന അത്യുന്നതമായ ഉത്തരവാദിത്തമാണ് കച്ചവട താൽപ്പര്യങ്ങൾക്കുമുന്നിൽ ഭൂരിഭാഗം മാധ്യമങ്ങളും കളഞ്ഞുകുളിച്ചത്. ആമസോൺ വനത്തിലെ രക്ഷാ ദൗത്യവും അറ്റ്ലാന്റിക്കിലെ ടൈറ്റൻ ദുരന്തവും പൊടിപ്പും തൊങ്ങലുംവച്ച് അവതരിപ്പിച്ചാൽ വായനക്കാർ അതുകണ്ട് മയങ്ങിക്കൊള്ളും എന്ന് കരുതുന്നത് വ്യാമോഹമാണ്. വായനക്കാരുടെ അറിയാനുള്ള അവകാശം നിഷേധിച്ചപ്പോൾ സമൂഹമാധ്യമങ്ങളാണ് ആ കുറവ് കുറച്ചൊക്കെ നികത്തിയതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
സിപിഎം – സിപിഐ എംപിമാരുടെ സംയുക്ത പ്രതിനിധി സംഘം ഇന്ന് മണിപ്പുർ സന്ദർശിക്കും