തിരുവനന്തപുരം: ‘ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ് വ്യാജവാര്‍ത്തയിലൂടെ ചാനലുകള്‍ തകര്‍ക്കുന്നത്’ റിപ്പോര്‍ട്ടര്‍ ചാനലിലെ വാര്‍ത്ത കണ്ടതിന് പിന്നാലെ മൂന്നുവയസ്സുകാരന് ഏദന്റെ അമ്മ നിഷയുടെ പ്രതികരണമാണിത്. ‘ഹൃദ്യം’ പദ്ധതിയെ താറടിക്കാന്‍ നല്കിയ വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധവും നിഷയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
ആറാം മാസം കോവിഡ് പോസിറ്റീവായ മകന് ഏദനുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജീവിനും നിഷയ്ക്കും തന്റ കുഞ്ഞിന്റെ ഹൃദയത്തില്‍ സുഷിരങ്ങളുണ്ടെന്ന് അറിഞ്ഞത്. പിന്നാലെ ഹൃദയവാല്‍വിനും പ്രശ്നം സ്ഥിരീകരിച്ചു. ആകെ ചെലവിന്റെ 30 ശതമാനം നല്കിയാല് ശസ്ത്രക്രിയ നടത്താമെന്നാണ് ശ്രീചിത്ര അറിയിച്ചത്. എന്നാല്‍ അതിനും നാലരലക്ഷം രൂപ ചെലവ് വരും. അത് കണ്ടെത്താനുള്ള വഴിയില്ലാത്ത ഹൃദ്യം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ശസ്ത്രക്രിയ അത്യാവശ്യമായതിനാല്‍ കൊച്ചി അമൃത ആശുപത്രിയില്‍ ഹൃദ്യംവഴി ഉടന്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ വാര്‍ത്തയെത്തിയത്.
വ്യാജ വാര്‍ത്തയില്‍ നിഷയുടെ പ്രതികരണം;
‘കടല്‍ കനിഞ്ഞാല്‍മാത്രം ഭക്ഷണം കഴിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ഞങ്ങള്‍. ആ ഞങ്ങള്‍ക്ക് ലക്ഷങ്ങളുടെ ശസ്ത്രക്രിയ സ്വപ്നം കാണാനാകില്ല. എന്റെ കുഞ്ഞിന് നാലാം വയസ്സില്‍ ഇനിയും ഒരു ഓപ്പറേഷന്‍കൂടി വേണം. ആറാം മാസത്തിലാണ് ഹൃദ്യം പദ്ധതി വഴി ആദ്യ ശസ്ത്രക്രിയ നടത്തിയത്. ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ് വ്യാജവാര്‍ത്തയിലൂടെ ചാനലുകള്‍ തകര്‍ക്കുന്നത്’.
ഇല്ലാക്കഥകള്‍ പറഞ്ഞുപ്രചരിപ്പിക്കുന്നത് ഞങ്ങളെപ്പോലുള്ള പാവങ്ങളെയാണ് ബാധിക്കുക. മകന്റെ അടുത്ത ശസ്ത്രക്രിയ ഹൃദ്യത്തിലൂടെ ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആദ്യ രണ്ട് ശസ്ത്രക്രിയ സൗജന്യമായി നടത്താനാകും. അത് ഇല്ലാതാക്കാനാണ് ഈ മാധ്യമങ്ങളുടെ ശ്രമം.