പുനർജനി ഭവന പദ്ധതിയുടെ മറവിൽ വി ഡി സതീശൻ നടത്തിയ വൻ തട്ടിപ്പ് മൂടിവെക്കാൻ വിചിത്ര ന്യായീകരണവുമായെത്തിയ റിജിൽ മാക്കുറ്റി കള്ളം പറഞ്ഞ് ഊരാക്കുടുക്കിലായി. പുനർജനി സഹായം കിട്ടിയവരുടെ പട്ടിക പുറത്തുവിടുന്നത് അവരെ അപമാനിക്കലാകുമെന്നായിരുന്നു മാക്കുറ്റിയുടെ വാദം. പുനർജനിയിൽ വീട് കിട്ടിയവരുടെ പട്ടിക ഇതു കൊണ്ടാണ് പുറത്തുവിടാത്തതെന്ന വാദം വി ഡി സതീശൻ്റെ മുൻ ഫേസ്ബുക്ക് പോസ്റ്റുകൾ പുറത്തു വന്നതോടെ പൊളിഞ്ഞു. പേരുകൾ വെളിപ്പെടുത്തി സതീശൻ നേരത്തേ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെച്ചു.
ഒരു ചാനൽ ചർച്ചയ്ക്കിടെ സിപിഎം പ്രതിനിധി അഡ്വ. എൻ വി വൈശാഖൻ്റെ ചോദ്യത്തിൽ കുടുങ്ങിയാണ് വീട് കിട്ടിയവരുടെ പട്ടിക ഞായറാഴ്ച്ച വൈകുന്നേരത്തിന് മുമ്പ് പുറത്തുവിടും എന്ന് മാക്കുറ്റി തട്ടിവിട്ടത്. ഞായറാഴ്ച്ച വൈകിയിട്ടും മറുപടി ഇല്ലാതെ വന്നപ്പോൾ മാക്കുറ്റിയെ ട്രോളി ഫേസ് ബുക്ക് പോസ്റ്റുകൾ വന്നു. അപ്പോഴാണ് മാക്കുറ്റി കിടന്നുരുണ്ടത്.
ഗുണഭോക്താക്കളുടെ പേരുവിവരം പരസ്യപ്പെടുത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു പരിഹാസ്യമായ ന്യായീകരണം. വി ഡി സതീശൻ കല്ലിടൽ ചടങ്ങിൻ്റെ ചിത്രം ഗുണഭോക്താവിന്റെ പേരുസഹിതം പ്രസിദ്ധീകരിച്ചതടക്കമുള്ള വിവരങ്ങളുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി കൂടിയായ എൻ വി വൈശാഖൻ ഫെയ്സ്ബുക്കിൽ മറുപടി നൽകി. ഇതിനു പിന്നാലെയാണ് പേരും വിലാസവും ചിത്രവും സഹിതം കോൺഗ്രസിൻ്റെ സഹായ പദ്ധതികളുടെ ചിത്രങ്ങളുമായി ഏറെപ്പെർ എത്തിയത്.
കഴിഞ്ഞദിവസം റിജിലും വൈശാഖനും പങ്കെടുത്ത ചാനൽ ചർച്ചയിലെ വെല്ലുവിളിയുടെ തുടർച്ചയായിരുന്നു മാക്കുറ്റിയുടെ ന്യായീകരണം. 200 വീടുകൾ പുനർജനിയിൽ നിർമിച്ചെന്നും കൂടെവന്നാൽ കാണിച്ചുതരാമെന്നും വൈശാഖനോട് റിജിൽ പറഞ്ഞിരുന്നു. വീടുകളുടെ വിവരങ്ങൾ പറഞ്ഞാൽ മതിയെന്നായിരുന്നു വൈശാഖൻ്റെ മറുപടി.
പദ്ധതിയിൽ സഹായം സ്വീകരിച്ച നിർധന ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നത്, അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തിയിട്ടുണ്ടെന്നും അവരെ അപമാനിക്കാൻ തയ്യാറല്ലെന്ന പാർടിയുടെ നിലപാട് അംഗീകരിക്കുന്നു എന്നുമായിരുന്നു മാക്കുറ്റിയുടെ മുടന്തൻ ന്യായം. ഇതിന് ഗുണഭോക്താവിൻ്റെ പേരും ഫോട്ടോയും സഹിതം സതീശനിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വൈശാഖൻ്റെ മറുപടി. വീടുകൾ എവിടെ എന്ന വിവരമാണ് ആവശ്യപ്പെട്ടതെന്നും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നേരിട്ടുവരാമെന്നും വൈശാഖൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
പുനർജനിയിൽ നിർമിച്ച വീടുകളുടെ കണക്കും റിജിലിന്റെ വകയായുണ്ട്. 229 വീടുകൾ പറവൂർ മണ്ഡലത്തിൽ നൽകിയിട്ടുണ്ട്. പുനർനിർമിച്ചവ ഉൾപ്പെടെ 314 വീടുകളാണ് പൂർത്തിയാക്കിയതെന്നും അവകാശപ്പെടുന്നു. സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നിർമിച്ച വീടുകൾ സ്വന്തം അക്കൗണ്ടിലാക്കാൻ ശ്രമിക്കുന്ന സതീശൻ്റെ തന്നെ അവകാശവാദം 216 വീടുകൾ നിർമിച്ചെന്നാണ്. ഇതിനെയും മറികടന്നാണ് മാക്കുറ്റി വക വീടുകൾ.