കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രാഥമികാന്വേഷണം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുക.
പുനര്‍ജനി പദ്ധതി തട്ടിപ്പില്‍ വി ഡി സതീശനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നത്. ഇഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. 2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്നടക്കം പണം ശേഖരിച്ചതില്‍ അഴിമതി നടന്നെന്നാണ് ആക്ഷേപം. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
ഇതോടെ വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ പരിശോധന. തുടര്‍ന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹിയിലേക്ക് കൈമാറും. അനുമതി ലഭിച്ചാല്‍ ഉടന്‍ കേസെടുത്ത് തുടര്‍നടപടികളിലേക്ക് പോകാനാണ് നീക്കം.