തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം ആര്‍ജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
നാക്, എന്‍ഐആര്‍എഫ് എന്നിവ വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും റാങ്കും നിശ്ചയിക്കുന്നത്. ഈ മാനദണ്ഡങ്ങളിലെല്ലാം മികവു പുലര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന ഗ്രേഡും എന്‍ഐആര്‍എഫ് റാങ്കിങ്ങും നല്‍കിയിരിക്കുന്നത്. നാക് അക്രഡിറ്റേഷനില്‍ കേരള സര്‍വ്വകലാശാല എ പ്ലസ് പ്ലസ് നേട്ടവും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ രാജ്യതലത്തില്‍ ഇരുപത്തിനാലാം സ്ഥാനവും നേടി. കലിക്കറ്റ്, കാലടി ശ്രീശങ്കര, കുസാറ്റ് എന്നീ സര്‍വ്വകലാശാലകള്‍ക്ക് എ പ്ലസ് നേടാനായി. ടൈംസ് റാങ്കിങ്ങില്‍ ഏഷ്യയില്‍ 95ാം സ്ഥാനം എം ജി സര്‍വ്വകലാശാല നേടി.
നാക് എ പ്ലസ് പ്ലസ് നേടിയ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളും എ പ്ലസ് നേടിയ 31 സ്ഥാപനങ്ങളും കേരളത്തിനുണ്ട്. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യ ഇരുന്നൂറില്‍ നാല്പത്തിരണ്ടെണ്ണം കേരളത്തില്‍ നിന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളില്‍ 21 ശതമാനവും കേരളത്തിലാണ്. അഭിമാനകരമാണ് ഈ നേട്ടങ്ങളെല്ലാം.
കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സര്‍വെ റിപ്പോര്‍ട്ടിലെ വിവിധ മാനദണ്ഡങ്ങളിലും കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥി -അധ്യാപക അനുപാതത്തില്‍ ആദ്യസ്ഥാനങ്ങളിലാണ് കേരളം. റാങ്കിങ്ങ് നിര്‍ണ്ണയത്തിനുള്ള നടപടികള്‍ക്കായി സ്ഥാപനങ്ങളില്‍ എത്തുന്നത് ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. ഇവര്‍ കേരളത്തിന്റെ പക്ഷംപിടിച്ച് ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കുമോയെന്ന് മന്ത്രി ചോദിച്ചു.