എ ഐ കാമറയില്‍ അഴിമതി ആരോപിച്ചെത്തിയ വി ഡി സതീശനോട് അഴിമതിരഹിത സമീപനം സ്വയം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനകം പുറത്തുവന്ന സ്വന്തം അഴിമതികള്‍ മറച്ചുവെച്ച് സാരോപദേശവുമായി തരികിട സത്യവാങ്മൂലം നല്‍കി തടിയൂരാനാണ് സതീശന്റെ ശ്രമം. പുനര്‍ജനി തട്ടിപ്പ് ഉള്‍പ്പെടെയുള്ള അന്വേഷണ വിവരം മറച്ചുവച്ചാണ് ഹൈക്കോടതിയില്‍ സതീശന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
എഐ കാമറയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പ്പര്യഹര്‍ജിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രതിപക്ഷ നേതാവ് തനിക്കെതിരായ അന്വേഷണ വിവരങ്ങള്‍ പൂഴ്ത്തിയത്. എഐ കാമറ സ്ഥാപിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്നും ഹൈക്കോടതി അന്വേഷിക്കണമെന്നുമാണ് സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ആവശ്യം. പദ്ധതി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും.
പദ്ധതി നടപ്പാക്കുന്നത് തടയാന്‍ ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. ഹര്‍ജിക്കാരുടെ അഴിമതിയോടുള്ള സമീപനം വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. സര്‍ക്കാരില്‍നിന്ന് ഹര്‍ജിക്കാര്‍ പ്രതീക്ഷിക്കുന്ന അഴിമതിരഹിത സമീപനം അവരും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. നീതിന്യായചരിത്രത്തിലെ ആദ്യസംഭവമായിരുന്നു ഇത്.
ഹര്‍ജിക്കാരന്റെ യോഗ്യത വ്യക്തമാക്കിയില്ലെങ്കില്‍ ഹര്‍ജിതന്നെ തള്ളാമെന്ന് സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികളുണ്ടെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സതീശന്റെ പ്രതിസ്ഥാനത്തുള്ള പുനര്‍ജനി തട്ടിപ്പുകേസില്‍ വിദേശ പണമിടപാട് സംബന്ധിച്ച വിശദാംശവും വിജിലന്‍സ് അന്വേഷിക്കുകയാണ്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളില്‍നിന്ന് പണം വന്നതിനെക്കുറിച്ചും ചെലവാക്കിയതിനെക്കുറിച്ചുമാണ് അന്വേഷണം. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് വിജിലന്‍സ് സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കും.
ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ മൊഴി കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തി. പുനര്‍ജനി പദ്ധതിയെക്കുറിച്ച് നിര്‍ണായകമായ വിവരം ഇതിനകം പ്രത്യേകാന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് വന്ന പണം ഉപയോഗിച്ച് എന്‍ജിഒകള്‍ മുഖാന്തരം വീട് നിര്‍മിച്ച് നല്‍കിയെന്ന വാദമാണ് സതീശനും കൂട്ടരും ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കഴിഞ്ഞ ദിവസം ഹാജരായ വ്യക്തിക്കും നല്‍കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് എന്‍ജിഒ അധികൃതര്‍ക്ക് കത്ത് നല്‍കിയത്. വിദേശ പണമിടപാട്, പദ്ധതിയുമായി ബന്ധപ്പെടാനുള്ള കാരണം, അക്കൗണ്ടില്‍ എത്ര പണം വന്നു, ഏതുരീതിയില്‍ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളാകും അന്വേഷിക്കുക. ആരുടെ പ്രേരണയിലാണ് പണമിടപാട് നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളും ആരായും.
പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി വഴി സഹായമെത്തിയിട്ടില്ലെന്നും വീട് നിര്‍മിച്ചില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നത്. വിദേശ പണവിനിമയ ചട്ടം ലംഘിച്ചെന്നതടക്കമുള്ള ആരോപണങ്ങളിലേക്കും അന്വേഷണം നീളം.