കോഴിക്കോട്: ഇടതുപക്ഷ വിരോധം മൂത്ത് മനോനില തെറ്റിയ മനോരമയുടെ വക വടകര ടൗണിൽ കഞ്ചാവു കൃഷി. നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളിൽ കഞ്ചാവ് കൃഷി നടത്തുന്നതായാണ് മനോരമ വാർത്ത നൽകിയത്.
അലങ്കാരച്ചെടി കഞ്ചാവുചെടിയാക്കി വടകര നഗരസഭയെ അപകീർത്തിപ്പെടുത്തുകയായിരുന്നു മനോരമയുടെ ദുഷ്ടലക്ഷ്യം.
വ്യാജ വാർത്തയിൽ രോഷാകുലരായ നാട്ടുകാർ മനോരമ ബ്യൂറോയിൽ എത്തി കടുത്ത ഭാഷയിൽ പ്രതിഷേധമറിയിച്ചു.
വടകര നഗരസഭയുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പഴയ ബസ് സ്റ്റാൻഡിനുസമീപം സ്ഥാപിച്ച അലങ്കാരച്ചെടികളെയാണ് മനോരമ കഞ്ചാവാക്കിയത്. നഗരസഭയുടെ ചെലവിൽ കഞ്ചാവ് ചെടി തഴച്ചുവളരുന്നു. പഴയ ബസ് സ്റ്റാൻഡിനുസമീപം സ്ഥാപിച്ച ചെടിച്ചട്ടിയിൽനിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതെന്നാണ് മനോരമയാണ് വ്യാഴാഴ്ച വ്യാജവാർത്ത നൽകിയത്. സംശയത്തിൻ്റെ പേരിൽ പോലീസ് പരിശോധ നടത്തിയെങ്കിലും കഞ്ചാവ് ചെടിയല്ലെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
നഗരസഭ തന്നെ കഞ്ചാവ് ചെടി വളർത്തിയെന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമക്കെതിരെ വൻ പ്രതിഷേധമാണുയർന്നത്. നഗരസൗന്ദര്യവൽക്കരണത്തിനായി ഒരുവർഷം മുമ്പ് വിവിധ ചെടികൾ വളർത്തി 600 ഓളം ചട്ടികളാണ് പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ നടപ്പാതയുടെ കൈവരികളിൽ സ്ഥാപിച്ചത്. പദ്ധതിക്ക് വ്യാപാരികളിലും പൊതുജനങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇടക്കാലത്ത് പരിപാലനത്തിനായി രണ്ടുമാസത്തേക്ക് നഴ്സറി നടത്തിപ്പുകാർക്ക് കരാർ നൽകിയിരുന്നു. ഇത് മാർച്ച് 31ന് അവസാനിച്ചു. അതിനുശേഷം നഗരസഭാ കണ്ടിൻജൻസി ജീവനക്കാരാണ് ചെടിച്ചട്ടികൾ പരിപാലിക്കുന്നത്.
നഗരസഭ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കുന്നു എന്ന വ്യാജ വാർത്ത നൽകിയ മനോരമയുടെ നടപടി മര്യാദയില്ലാത്തതാണെന്ന് വടകര നഗരസഭാ കൗൺസിൽ ചൂണ്ടിക്കാട്ടി. നഗരസൗന്ദര്യവൽക്കരണത്തിനായി ടൗണിൽ സ്ഥാപിച്ച ചെടിച്ചട്ടികളിൽ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കുന്നെന്നാണ് ബുധനാഴ്ച നൽകിയ വാർത്ത. ഇത് വസ്തുതാവിരുദ്ധവും അപകീർത്തികരവുമാണ്. വാർത്ത കൊടുക്കുന്നതിനുമുമ്പ് നഗരസഭാ അധികൃതരുമായി ബന്ധപ്പെടാനുള്ള സാമാന്യ മര്യാദപോലും മനോരമ കാണിച്ചില്ല. തെറ്റായ വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ രീതിയിൽ ലഹരിവിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുപോവുന്ന തദ്ദേശസ്ഥാപനത്തിനെതിരെയാണ് വാർത്ത നൽകിയതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.