തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ഭാര്യയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരൻ്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുമെന്ന് വിജിലൻസ്. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് നടപടി. സ്പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.
സുധാകരൻ്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത് കോഴിക്കോട് വിജിലൻസ് യൂണിറ്റ് ആണ്. അതിൻ്റെ ആദ്യപടിയെന്ന നിലക്കാണ് ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ തേടിയത്. സ്മിതയുടെ 2001 മുതലുള്ള ശമ്പളത്തിൻ്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. സുധാകരൻ്റെ ഭാര്യ ജോലി ചെയ്യുന്ന സ്കൂളിലെ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടീസ് നൽകി.