കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ സഹായിക്കാൻ കെ സുധാകരൻ ഉണ്ടാകുമെന്ന ഉറപ്പിലാണ് പണം നൽകിയതെന്നും അതിൻ്റെ വിഹിതം കൈപ്പറ്റിയെന്നുമുള്ള പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് കെപിസിസി അധ്യക്ഷനെ ചോദ്യം ചെയ്തതും തുടർന്ന് അറസ്റ്റിന് വഴിയൊരുങ്ങിയതും.
വിദേശികൾക്ക് പുരാവസ്തു വിറ്റവകയിൽ ബാങ്കിൽ കുടുങ്ങിയ മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാൻ ഡൽഹിയിൽ സുധാകരൻ ഇടപെടുമെന്ന ഉറപ്പിൽ പണം നൽകി കബളിപ്പിക്കപ്പെട്ട ആറുപേരാണ് പരാതിക്കാർ. കോഴിക്കോട് മാവൂർ സ്വദേശികളായ യാക്കൂബ് പുറായിൽ, സിദ്ദീഖ് പുറായിൽ, പേരാമ്പ്ര സ്വദേശി ഇ എ സലീം, പന്തീരാങ്കാവ് സ്വദേശി എം ടി ഷമീർ, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോൻ, തൃശൂർ വടക്കഞ്ചേരി സ്വദേശി അനൂപ് വി മുഹമ്മദ് എന്നിവരാണ് പരാതി നൽകിയത്.
സുധാകരൻ 2018 നവംബർ 22ന് മോൻസണിൻ്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പരാതിക്കാരിലൊരാളായ അനൂപ്, മോൻസണിന് 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് സുധാകരൻ ഇടനില നിന്നുവെന്നാണ് പരാതി. സുധാകരന് 10 ലക്ഷം രൂപ മോൻസൺ കൈമാറിയെന്ന ദൃക്സാക്ഷി മൊഴിയുണ്ട്.
മൊഴികളും തെളിവുകളും സുധാകരനെതിര് 25 ലക്ഷം രൂപ മോൻസണിന് കൈമാറിയത് സുധാകരൻ്റെ ഉറപ്പിലാണെന്ന് പരാതിക്കാരനായ അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. വിദേശനാണ്യ വിനിമയ നിയമപ്രകാരം തടഞ്ഞുവച്ച മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടിയാൽ എല്ലാവരും സേഫ് സോണിലാകുമെന്ന് മോൻസണിൻ്റെ മുന്നിൽവച്ച് സുധാകരൻ പറഞ്ഞതായും അനൂപ് മൊഴി നൽകി.
കേസിൽ പേര് പരാമർശിച്ചാൽ ഇല്ലാതാക്കുമെന്ന സുധാകരൻ്റെ പേരിലുള്ള ശബ്ദസന്ദേശം പിഎ എബിൻ എബ്രഹാം കേൾപ്പിച്ചെന്ന മൊഴിയും അനൂപ് നൽകി. ഇതിൻ്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറി. ഇതേക്കുറിച്ച് മരട് പൊലീസിലും ക്രൈംബ്രാഞ്ച് എഡിജിപിക്കും പരാതി നൽകിയതിൻ്റെ രേഖകളും അനൂപ് ചോദ്യംചെയ്യലിനിടെ കാണിച്ചു. 2018–-19 കാലത്ത് സുധാകരൻ എംപിയാകുന്നതിനു മുമ്പും ശേഷവും മോൻസൺ അറസ്റ്റിലാകുന്നതുവരെയുള്ള ഫോൺവിളി രേഖകൾ ക്രൈംബ്രാഞ്ച് സുധാകരൻ്റെ മുന്നിൽവച്ചു. ഇതോടൊപ്പം മോൻസണുമായി ബന്ധപ്പെട്ട സുധാകരൻ്റെ ചിത്രങ്ങളിലും വ്യക്തത തേടി.
ഇരുമ്പനം സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എബിൻ എബ്രഹാമാണ് സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇയാൾ തൻ്റെ പിഎ ആണെന്ന് സുധാകരൻതന്നെ വ്യക്തമാക്കുന്ന തെളിവുകളും കിട്ടി. മോൻസണിൽനിന്ന് ഇയാൾ വൻതുക കൈപ്പറ്റിയതിൻ്റെ ബാങ്ക് അക്കൗണ്ട് രേഖകളും ലഭിച്ചിരുന്നു. പരാതിക്കാരായ അനൂപ് മുഹമ്മദ്, എം ടി ഷെമീർ, നിർണായക സാക്ഷി ഡ്രൈവർ അജിത് എന്നിവരെ എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
എബിനെ ഉടൻ ചോദ്യംചെയ്യും കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ ഇരുമ്പനം കാട്ടേത്തുവീട്ടിൽ എബിൻ എബ്രഹാമിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കും. ഇയാൾക്ക് കേസിലുള്ള പങ്കാളിത്തത്തെപ്പറ്റിയുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
പരാതിക്കാരായ അനൂപ് മുഹമ്മദിനെയും എം ടി ഷെമീറിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈറ്റില എമറാൾഡ് ഹോട്ടലിൽ 2021 നവംബർ മൂന്നിനായിരുന്നു കൂടിക്കാഴ്ച. ഷെമീറിനെ പലതവണ വാട്സാപ്പിൽ ഫോൺ ചെയ്താണ് കൂടിക്കാഴ്ചയ്ക്ക് തീയതി തീരുമാനിച്ചത്. പണം ഉൾപ്പെടെ എന്തും നൽകാമെന്നായിരുന്നു വാഗ്ദാനം. ലക്ഷദ്വീപിൽ നിർമാണക്കരാർ തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു. എന്നാൽ, അനൂപും ഷെമീറും വാഗ്ദാനം നിരസിച്ചു. കേസിലെ സാക്ഷി അജിത്തിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
മോൻസണിൻ്റെ ജീവനക്കാരനിൽനിന്ന് എബിൻ പണം കൈപ്പറ്റിയതിനും തെളിവുണ്ട്. മോൻസണിൻ്റെ പേഴ്സണൽ മേക്കപ്പ്മാനും പോക്സോ കേസിലെ ഒന്നാംപ്രതിയുമായ കെ ജെ ജോഷിയിൽനിന്നാണ് പണം വാങ്ങിയത്.
വീണത് മൂന്ന് ചോദ്യങ്ങളിൽ
• രാഷ്ട്രീയ പ്രവർത്തകനും അറിയപ്പെടുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനും തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലും തമ്മിലുള്ള സൗഹൃദത്തിൻ്റെ തുടക്കം എങ്ങനെ? ആരാണ് ഇതിന് വഴിതുറന്നത് ?
• എംപി ആകുന്നതിന് മുമ്പും ശേഷവും സുധാകരൻ മോൻസണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ? (മോൻസണിൽനിന്ന് സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടതായി മോൻസണിൻ്റെ മൂന്ന് ജീവനക്കാർ നൽകിയ രഹസ്യമൊഴി ക്രൈംബ്രാഞ്ച് പ്രധാന തെളിവായി ഹാജരാക്കി).
• തൻ്റെ പിഎയാണെന്ന് കെ സുധാകരനും തന്റെ ജീവനക്കാരനാണെന്ന് മോൻസണും പറയുന്ന ഇരുമ്പനം കാട്ടേത്ത് എബിൻ എബ്രാഹമിന് ഈ കേസിലുള്ള ബന്ധം എന്താണ്? സുധാകരൻ്റെ പേര് പറയാതിരിക്കാൻ എബിൻ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ?