തിരുവനന്തപുരം: കെഎസ്‌യു നേതാവ് അൻസിൽ ജലീലിൻ്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പരാതി നൽകി കേരള സർവകലാശാല. ഡിജിപിക്കും കമ്മീഷണർക്കുമാണ് കേരള സർവകലാശാല പരാതി നൽകിയത്. അൻസിൽ ജലീലിന് ഇത്തരത്തിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് കേരള സർവകലാശാല നൽകിയിട്ടില്ല. പുറത്തുവന്ന സർട്ടിഫിക്കറ്റിൽ ഉള്ളത് ആ സമയത്തെ വൈസ് ചാൻസലറുടെ ഒപ്പല്ല. അത്തരത്തിൽ ഒരു സീരിയൽ നമ്പറും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇതിൽ സമഗ്ര അന്വേഷണം വേണമെന്നാണ് കേരള സർവകലാശാലയുടെ ആവശ്യം.
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അൻസിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടിയിരുന്നു. അൻസിൽ ജലീൽ കേരള സർവകലാശാലയിൽ നിന്ന് 2016ൽ ബികോം ബിരുദം നേടിയതായാണ് സർട്ടിഫിക്കറ്റ്. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസിലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്. വ്യാജ സർട്ടിഫിക്കറ്റിലുള്ള വൈസ് ചാൻസിലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്. എന്നാൽ, സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന തിയതി പ്രകാരം 2016ൽ സർവകലാശാല വൈസ് ചാൻസിലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്.